കൊച്ചി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ, വിമാനക്കൂലി നൽകാൻ ബുദ്ധിമുട്ടുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ
ഇന്ത്യൻ എംബസികൾ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിദേശത്തെ സർക്കാരിതര സംഘടനകളുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കാനാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നത്. പ്രവാസി മലയാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ കേരള മുസ്ളിം കൾച്ചറൽസെന്റർ പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് നിർദ്ദേശം. സൗജന്യയാത്രയ്ക്ക് ഇവർ അർഹരാണെന്നും മടങ്ങിപ്പോരാനുള്ള മതിയായ രജിസ്ട്രേഷൻ ഉള്ളവരാണെന്നും ഉറപ്പുവരുത്തി സഹായംനൽകണം.
ഇന്ത്യൻ പൗരന്മാർക്ക് പുറത്തുപോയി തൊഴിൽചെയ്യാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. മടങ്ങിയെത്തി ഇവിടെ താമസിക്കാനുള്ള അവകാശവും ഇതിലുൾപ്പെടും. രാജ്യത്തിനകത്തും പുറത്തുമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ഹർജികൾ മേയ് 12ന് വീണ്ടും പരിഗണിക്കും.