അപകടകരമായ 20 വ്യവസായ ശാലകൾ എറണാകുളത്ത്
കൊച്ചി: കൊവിഡിനെ പേടിച്ച് അടച്ചിട്ട വ്യവസായ ശാലകൾ തുറക്കും മുമ്പ് കരുതലെടുക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് വിശാഖപട്ടണത്ത് നടന്ന വാതകച്ചോർച്ചയും പൊലിഞ്ഞ ജീവനുകളും.
കേരളത്തിൽ അപകടസാദ്ധ്യതയുള്ള 37 വൻ വ്യാവസായികശാലകളാണുള്ളത്. അതിൽ 20 എണ്ണവും എറണാകുളത്തും. പുറമെ സ്ഫോടനസാദ്ധ്യതയുള്ള എൽ.പി.ജി സംഭരണശാലകളും ക്ലോറിൻ, അമോണിയ പോലുള്ള വിഷവാതകങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ വേറെയും.
ലോക്ക് ഡൗണിന് ശേഷം എല്ലാം സാധാരണ നിലയിലേക്ക് എത്തുമ്പോൾ മുൻകരുതലെടുക്കണമെന്ന കർശന നിർദ്ദേശം പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ് സേഫ്ടി ഓർഗനൈസേഷന്റെ (പെസോ) കേരളഘടകം നൽകി. സാധാരണ പോലുള്ള പ്രവർത്തനം സുരക്ഷിത പരിധിക്കുള്ളിൽ സാദ്ധ്യമാണോയെന്ന് ഉറപ്പുവരുത്തണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും പെസോ പറയുന്നു.
നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ
1. ഗ്യാസ് സിലിണ്ടർ നീക്കത്തിന് ട്രോളികൾ മതി. വലിച്ചു നീക്കുകയും എറിയുകയും ചെയ്യരുത്.
2. എൽ.എൻ.ജി സിലിണ്ടറുകളിലെ ഗ്യാസ് ഇടവിട്ട ദിവസങ്ങളിൽ സുരക്ഷിതമായി നീക്കം ചെയ്യണം.
3. ശ്വസന സഹായികൾ ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങൾ ആവശ്യത്തിന് കരുതണം.
4. അഗ്നിശമനാ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം
5. പരിശീലനം ലഭിച്ച പ്രവർത്തനപരിചയമുള്ള തൊഴിലാളികളാവണം ആദ്യം ജോലി ചെയ്തു തുടങ്ങേണ്ടത്.
6. വ്യവസായ ശാലകളുടെ പരിസരം ജൈവ, അജൈവ മാലിന്യങ്ങളില്ലാതെ വൃത്തിയായിരിക്കണം
7. മാർഗരേഖ എഴുതി തയ്യാറാക്കണം
8. എല്ലാ. പൈപ്പുകളും ഉപകരണങ്ങളും പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തണം.
9. ആവശ്യമെങ്കിൽ മോക്ക് ഡ്രിൽ നടത്തുക
"വ്യവസായശാലയുടെ സുരക്ഷ 100 ശതമാനം ഉറപ്പുവരുത്താൻ അപകടസാദ്ധ്യതകൾ തിരിച്ചറിയുന്നതിനുള്ള പ്രീ സ്റ്റാർട്ടപ്പ് സുരക്ഷാ അവലോകന യോഗം (പി.എസ്.എസ്.ആർ) എല്ലാ വ്യവസായശാലകളും പിന്തുടരേണ്ടതാണ്."
ഡോ.ആർ. വേണുഗോപാൽ
ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഒഫ് എക്സ്‌പ്ളോസീവ്സ്
പെസോ
അപകടസാധ്യതയുള്ള വ്യവസായ ശാലകൾ ജില്ല തിരിച്ച്
എറണാകുളം - 20
കോഴിക്കോട് - 4
ആലപ്പുഴ - 4
കൊല്ലം -2
കോട്ടയം - 2
പാലക്കാട് -2
തിരുവനന്തപുരം - 1
മലപ്പുറം - 1
കണ്ണൂർ - 1