പ്രവാസികളെ കപ്പലിൽ എത്തിക്കുന്ന സമുദ്രസേതു പദ്ധതിയുടെ ആദ്യഘട്ടം വിജയം
ഐ.എൻ.എസ് ജലാശ്വയിൽ കൊച്ചിയിൽ എത്തിയവരിൽ 440 മലയാളികൾ
18 സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ 18 ഗർഭിണികളും
കൊച്ചി: ആർത്തലയ്‌ക്കുന്ന ആശങ്കയുടെ വൻതിരകൾ കടന്ന് നാടിന്റെ സ്നേഹയാനത്തിൽ അവർ ആശ്വാസതീരമണഞ്ഞു. കൊവിഡിൽ വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ കപ്പലിൽ ജന്മനാട്ടിലെത്തിക്കുന്ന ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. മാലദ്വീപിൽ നിന്ന് 698 പ്രവാസികളെ നാവികസേനയുടെ യുദ്ധക്കപ്പലിൽ കൊച്ചിയിലെത്തിച്ചു. പതിനെട്ട് സംസ്ഥാനങ്ങളിൽ നിന്നായുള്ള സംഘത്തിൽ 440 പേരാണ് മലയാളികൾ. 187 തമിഴ്നാട് സ്വദേശികളും സംഘത്തിലുണ്ട്.
കേന്ദ്രസർക്കാരിന്റെ 'സമുദ്രസേതു' ദൗത്യത്തിലെ ആദ്യകപ്പലായ 'ഐ.എൻ.എസ് ജലാശ്വ'യാണ് 900 കിലോമീറ്റർ പിന്നിട്ട് ഇന്നലെ രാവിലെ ഒമ്പതരയോടെ കൊച്ചി തുറമുഖത്തെത്തിയത്. ആരോഗ്യപരിശോധനകൾക്കു വിധേയമാക്കിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ആരിലും കൊവിഡ് ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ കണ്ടെത്തിയില്ലെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.
തമിഴ്നാട്ടുകാരെ അവിടെ നിന്ന് സർക്കാർ അയച്ച ബസുകളിൽ കൊണ്ടുപോയി. എറണാകുളം ജില്ലക്കാരെയും മറ്റു സംസ്ഥാനക്കാരെയും ജില്ലയിലെ കൊവിഡ് കെയർ കേന്ദ്രങ്ങളിലെത്തിച്ച് നിരീക്ഷണത്തിലാക്കി. മറ്റു ജില്ലക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിൽ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.
മാലദ്വീപിൽ ജോലി ചെയ്തിരുന്നവരാണ് കപ്പലിലെത്തിയവർ. അദ്ധ്യാപകരും നഴ്സുമാരും ഉൾപ്പെടെ ഇവരിൽ 633 പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് സൂചന. രാവിലെ 11ന് ആരംഭിച്ച നടപടികൾ വൈകുന്നേരം 3.30 നാണ് പൂർത്തിയായത്. വെള്ളിയാഴ്ച വൈകിട്ടാണ് ജലാശ്വ മാലദ്വീപിൽനിന്ന് യാത്രതിരിച്ചത്. യുദ്ധകാലത്ത് നാവികരെ കൊണ്ടുപോകുന്ന കപ്പലിൽ യാത്രക്കാർക്കായി ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സാമൂഹ്യ അകലം പരമാവധി പാലിച്ചാണ് യാത്രാസൗകര്യം ഒരുക്കിയത്. ഭക്ഷണവും നൽകി. ഡോക്ടർമാർ ഉൾപ്പെട്ട സംഘവുമുണ്ടായിരുന്നു. കപ്പൽ ജീവനക്കാർ വ്യക്തിഗത സുരക്ഷാകവചങ്ങൾ ധരിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ചതായി നാവികസേനാ വക്താവ് അറിയിച്ചു. ആരോഗ്യപരിശോധനകൾക്കു പുറമെ എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾക്കും വിപുലമായ സംവിധാനങ്ങൾ തുറമുഖത്ത് ഏർപ്പെടുത്തിയിരുന്നു.
# യാത്രക്കാർ
സ്ത്രീകൾ 103
പുരുഷന്മാർ 595
(ഇവരിൽ 19 ഗർഭിണികളും 10 വയസിൽ താഴെയുള്ള 14 കുട്ടികളും ഉൾപ്പെടുന്നു)