ആലുവ: ചില സി.പി.എം പ്രവർത്തകർ നവമാദ്ധ്യമങ്ങളിൽ നുണപ്രചരണം നടത്തുന്നതായി ആരോപിച്ച് അൻവർ സാദത്ത് എം.എൽ.എ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതിയുടെ പകർപ്പ് ഡി.ജി.പിക്കും കൈമാറി.

കീഴ്മാട് സഹകരണ ബാങ്ക് 'ഹോം കെയർ' പദ്ധതിപ്രകാരം അനർഹന് വീട് നിർമ്മിച്ച് നൽകിയെന്നും ഇതിന് പിന്നിൽ അൻവർ സാദത്ത് എം.എൽ.എയാണെന്നും ആരോപിച്ച് മുപ്പത്തടം ഇടുക്കി കവലയിലെ സി.ഐ.ടി.യു യൂണിയൻ പൂൾ സെക്രട്ടറി സിജു കൃഷ്ണ, അശോകപുരം കൊടികുത്തുമല സ്വദേശി നജീബ് ചേനക്കര എന്നിവർ തന്റെ ചി​ത്രം സഹി​തം വ്യാജപ്രചരണം നടത്തിയെന്നാണ് പരാതി. സി.പി.എം പ്രവർത്തകർ ഫേസ്ബുക്കിലും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിപ്പിച്ചു.

ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് സഹകരണവകുപ്പാണ് വീട് നിർമ്മിക്കുന്നതെന്നും പരാതി​യി​ൽ പറയുന്നു.

ഗുണഭോക്താവി​നെ തി​രഞ്ഞെടുത്തത് റവന്യൂ വകുപ്പ്

ഹോംകെയർ പദ്ധതിയിൽ ഗുണഭോക്താവിനെ കണ്ടെത്തുന്നത് റവന്യു വകുപ്പാണെന്ന് കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള പറഞ്ഞു. കീഴ്മാട് പഞ്ചായത്ത് 15 -ാം വാർഡിലെ കത്രീന എന്ന വിധവയ്ക്കാണ് ഒന്നര വർഷം മുമ്പ് വീട് നിർമ്മിച്ചത്. ഗുണഭോക്തൃ പട്ടികയുമായി വീട് നിർമ്മിക്കുന്ന സഹകരണ സംഘങ്ങൾക്ക് ബന്ധമില്ല.

പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത അൻവർ സാദത്ത് എം.എൽ.എയെയും സുതാര്യമായി പ്രവർത്തിക്കുന കീഴ്മാട് സഹകരണ ബാങ്കിനെയും താറടിച്ചു കാണിക്കാനുള്ള ശ്രമം ജനങ്ങൾ തള്ളിക്കളയുമെന്നും കെ.എസ്. കൊച്ചുപിള്ള പറഞ്ഞു.