കൊച്ചി: ലോക്ക് ഡൗണിൽ ആരുമറിയാതെ ക്ഷേത്രത്തിൽ വഴിപാട് നടത്തി നിവേദ്യം ഭക്തർക്ക് ഡോർ ഡെലിവറി നടത്തിയെന്ന് ആരോപണം. മേൽശാന്തിയോട് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരണം തേടി.
ദേവസ്വം ബോർഡിന്റെ തൃപ്പൂണിത്തുറ ഗ്രൂപ്പിന് കീഴിലുള്ള എരൂർ പിഷാരികോവിൽ ക്ഷേത്രത്തിലാണ് സംഭവം. പാൽപ്പായസം, കൂട്ടുപായസം, അപ്പം വഴിപാടുകൾ തുടർച്ചയായി നടന്നെന്നാണ് വിവരം.
നിലവിൽ ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. വഴിപാട് നടത്താൻ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പിഷാരി കോവിൽ ക്ഷേത്രത്തിൽ അതില്ല. രശീത് എഴുതാതെ വഴിപാടുകൾ നടത്താനും പാടില്ല.
കഴിഞ്ഞ വ്യാഴാഴ്ച ദേവസ്വം അധികൃതർ ഭണ്ഡാരവരവ് ഏറ്റെടുക്കാനായി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് വഴിപാട് നിവേദ്യങ്ങൾ നൽകിയ നിരവധി പാത്രങ്ങൾ ക്ഷേത്രത്തിൽ കഴുകാൻ ഇട്ടിരിക്കുന്നത് കണ്ടതും സംഭവം പുറത്തായതും. ഇതേ തുടർന്ന് സബ് ഗ്രൂപ്പ് ഓഫീസർ മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയോട് വിശദീകരണം ചോദിച്ചു കത്ത് നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകുമെന്നാണ് സൂചന.
ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. വഴിപാടുകൾ തീരെയില്ല. ഭണ്ഡാരവരവും ഇല്ല. പ്രധാന ക്ഷേത്രങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ വഴിപാടുകൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ തുറന്നിട്ടും നാമമാത്രമായ പ്രതികരണം മാത്രമാണ് ഉള്ളത്.