കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്യത്തിൽ മഴക്കാലപൂർവ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ തടയുന്നതിന് ബ്ലോക്ക് തലത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നതിനും പകർച്ചവ്യാധികളെ സംബന്ധിച്ച നോട്ടീസ് വിതരണം, ബ്ലോക്ക് തലത്തിൽ മുഴുവൻ സ്ഥലങ്ങളിലും പൊതു സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ, പൊതുമരാമത്ത് കാനകളും, പെരിയാർ വാലി കനാലുകളുടെയും ശുചീകരണത്തിന് ബന്ധപ്പെട്ട ഏജൻസികളുടെ സഹകരണം ഉറപ്പാക്കുന്നതിനും, വേങ്ങൂർ തൂങ്ങാലി ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും മാസ്‌ക് നൽകുന്നതിനും തീരുമാനിച്ചു. വേങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കൂടിയ ജനപ്രതിനിധികളുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് എം എ ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സീന ബിജു, എം.പി പ്രകാശ്, കെ.പി വർഗീസ്, മിനി ബാബു, സരള കൃഷ്ണൻകുട്ടി, പ്രീത സുകു, ലീന, മെഡിക്കൽ ഓഫീസർ ഡോ.ഇ സൈനബ, കെ.എൻ രാധാകൃഷ്ണൻ എച്ച്.എം.സി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മഴക്കാലപൂർവ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിളളിയുടെ നേതൃത്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ആരോഗ്യസ്ഥിരം സമിതി ചെയർമാൻമാർ, സെക്രട്ടറിമാർ, സി ഡി എസ് ചെയർപേഴ്‌സൻമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ യോഗം ഇന്ന് 11 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.