ആലുവ: പ്രവാസികളെ പാർപ്പിക്കുന്നതിന് ഏറ്റെടുത്ത കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയതിലുള്ള പ്രതിഷേധം അൻവർ സാദത്ത് എം.എൽ.എ അസി. കളക്ടറെ അറിയിച്ചു.
പ്രവാസികൾ നിരീക്ഷണത്തിൽ കഴിയുന്ന മുട്ടം എസ്.സി.എം.എസ് ഹോസ്റ്റലിൽ ഇന്നലെ എം.എൽ.എ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന അസി. കളക്ടർ മാധവിക്കുട്ടിയെയാണ് പ്രതിഷേധം അറിയിച്ചത്.
അബുദാബിയിൽ നിന്ന് ആദ്യവിമാനം കൊച്ചിയിലെത്തിയദിവസം എസ്.സി.എം.എസ് ഹോസ്റ്റലിലേക്ക് എത്രപേർ എത്തുമെന്നുപോലും അറിയിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് കോ ഓർഡിനേറ്ററായ അസി. കളക്ടർ യാതൊരുവിവരവും പഞ്ചായത്ത് അധികൃതർക്കോ സന്നദ്ധ പ്രവർത്തകർക്കോ കൈമാറിയിരുന്നില്ല. അന്ന് രാത്രി ഒമ്പതിന് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസും സ്ഥലത്തെത്തുമ്പോൾ റവന്യൂവകുപ്പിലെ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായത്. തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ 26 മുറികൾ ഒരുക്കുകയും കിടക്കവിരി ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കുകയും ചെയ്തു. പ്രവാസികളെത്തുംവരെ യാതൊരു നിർദേശവും ലഭിച്ചില്ല. ഇത്തരത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതാണ് എം.എൽ.എയുടെ പ്രതിഷേധത്തിന് കാരണമായത്.