വൈപ്പിൻ: ലോക്ക് ഡൗൺ ആക്ടിവിറ്റികളുടെ ഭാഗമായി അദ്ധ്യാപകർ ഒത്തുകൂടി എസ്.എസ്.എൽ.സി പരീക്ഷക്കായി വിദ്യാർത്ഥികളെ സഹായിക്കുന്ന ചോദ്യസമാഹാരം തയ്യാറാക്കി കഴിഞ്ഞു. എറണാകുളം ജില്ലയിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി. സംസ്ഥാനത്തെ പ്രഗത്ഭരായ ഗണിതശാസ്ത്ര അദ്ധ്യാപകരും ഗണിത തല്പരരായ പ്രൊഫഷണലുകളും ഉൾപ്പെടുന്ന കൂട്ടായ്മയാണ് എറണാകുളം മാത്ത്സ് ഗ്രൂപ്പ്. പ്രധാനമായും പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾ പരിശീലിക്കുന്നതിന് വേണ്ടിയുള്ള നൂറിലധികം ചോദ്യപേപ്പറുകളാണ് തയ്യാറാക്കിയത്. നൂറിലധികം അദ്ധ്യാപകർചോദ്യപേപ്പറുകളുണ്ടാക്കി. ഇവ ഇനിയുള്ള ദിവസങ്ങളിൽ വാട്ട്‌സ് ആപ്പിലൂടെ കുട്ടികൾക്ക് നല്കും. ഗണിതത്തിൽ ഉയർന്ന നിലവാരമുള്ള കുട്ടികൾക്ക് വേറെ പ്രത്യേക പരിശീലനവുമുണ്ട്. നേരത്തെ പരീക്ഷാകാലങ്ങളിൽ അവധി ദിവസങ്ങളടക്കം കുട്ടികളെ പരിശീലിപ്പിക്കുവാൻ കഴിയുമായിരുന്നു. എന്നാൽ കോവിഡ് ഭീതിയെതുടർന്ന് പരീക്ഷകൾ മാറ്റി വെക്കുകയും വിദ്യാലയങ്ങളടക്കുകയും ചെയ്തതോടെ ഇത്തവണ അദ്ധ്യാപകർ ആശങ്കയിലായിരുന്നു. വിദ്യാലയങ്ങളിൽ കുട്ടികളെ എത്തിക്കാനായിലെങ്കിലും പരീക്ഷയെത്തുന്നതുവരെ നിരന്തര പരിശീലനം നടത്തുകയാണ് ഈ അദ്ധ്യാപകർ. അദ്ധ്യാപകരുടെ ശ്രമങ്ങളെ എറണാകുളം ഡി.ഇ.ഒ ലളിത അഭിനന്ദിച്ചു.