കൊച്ചി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച സർക്കാർ നടപടി നിയമപരമാണെന്നും ,മൗലികാവകാശങ്ങളെ ബാധിക്കുമെന്ന പേരിൽ അന്യായമാണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേരളത്തിലേക്ക് പ്രവേശിക്കാൻ വാളയാർ ചെക്ക് പോസ്റ്റിലെത്തിയവരെ തടഞ്ഞതിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ നൽകിയ പൊതുതാത്പര്യ ഹർജിയിന്മേൽ ഇന്നലെ നടത്തിയ പ്രത്യേക സിറ്റിംഗിലാണ് ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. വാളയാർ ചെക്ക്പോസ്റ്റിൽ പാസില്ലാതെ എത്തിയവരെ തടഞ്ഞതിൽ അപാകതയില്ല. ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി തടയൽ നിയമം, പകർച്ചവ്യാധി ഒാർഡിനൻസ് എന്നിവ പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കൊവിഡ് പടരുന്നതു തടയാനും ജനങ്ങളുടെയും രാജ്യത്തിന്റെയും താത്പര്യം സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നത്. രാജ്യത്തെവിടെയും പൗരന്മാർക്ക് സഞ്ചരിക്കാനും താമസിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും, ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ട്.
അതിർത്തിയിലെ ചെക്ക്പോസ്റ്റുകളിലെത്തുന്നവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കണം. ഇതിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി പരിഗണിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പാസ് അനുവദിക്കുമ്പോൾ തിയതിയുടെയും മറ്റും കാര്യത്തിൽ അതത് സംസ്ഥാനങ്ങളുമായി സഹകരിച്ചു തീരുമാനമെടുക്കണമെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു.
വാളയാറിൽ കുടുങ്ങിയവരെ
കടത്തിവിടണം
വാളയാറിൽ എത്തിയവരെ പ്രത്യേക സാഹചര്യം പരിഗണിച്ച് കേരളത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പാസ് നൽകി അതിർത്തി കടക്കാനുള്ള നടപടികൾ എത്രയുംവേഗം ചെയ്യണം. ഇങ്ങനെ എത്തുന്നവർ സർക്കാരിന്റെ മാർഗനിർദേശങ്ങളും ഉത്തരവുകളും പാലിക്കണം. ഗർഭിണികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് മുൻഗണന നൽകണം. മറ്റുള്ളവരുടെ കാര്യത്തിൽ നടപടികൾ താമസിക്കരുത്.
മതിയായ പാസില്ലെന്ന കാരണത്താൽ പ്രവേശനം നിഷേധിച്ചതോടെ, ഗർഭിണികളുൾപ്പെടെ 135 പേരടങ്ങുന്ന സംഘം കോയമ്പത്തൂരിലെ സർക്കാർ ഗസ്റ്റ്ഹൗസിൽ കഴിയുകയാണെന്നും, സർക്കാരിന്റെ വെബ്സൈറ്റ്
ഡൗണായതിനാലാണ് പാസിന് അപേക്ഷിക്കാൻ കഴിയാതിരുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. കർണാടകയിലെ മാലഹള്ളി ചെക്ക് പോസ്റ്റിൽ സമാനമായ രീതിയിൽ 13 വിദ്യാർത്ഥികളും കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണെന്ന് മറ്റൊരു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മാലഹള്ളി ചെക്ക് പോസ്റ്റിൽ കുടുങ്ങിയവരുടെ കാര്യവും പ്രത്യേകം പരിഗണിച്ച് നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചു. ഹർജികൾ മേയ് 12 ന് വീണ്ടും പരിഗണിക്കും.