തോപ്പുംപടി: കൊച്ചി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചണുകൾ ലോക്ക് ഡൗൺ കഴിയുന്നതോടെ ഹോട്ടലുകളായി മാറുന്നു.നഗരത്തിന്റെ11 കേന്ദ്രങ്ങളിലായാണ് ഇപ്പോൾ കിച്ചണുകൾ പ്രവർത്തിക്കുന്നത്. നിലവിലുള്ള കുടുംബശ്രീ ഹോട്ടലുകൾക്ക് പുറമെയാണിത്. ലോക്ക് ഡൗണിൽ നിരാലംബർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റുമായാണ് ഭക്ഷണ വിതരണം തുടങ്ങിയത്. ഇവിടെ ഉച്ചഭക്ഷണവും അത്താഴവുമാണ് ആദ്യ ഘട്ടത്തിൽ വിൽപ്പനക്ക് ഒരുക്കുന്നത്. ഊണിന് 20 രൂപ. ഓർഡർ പ്രകാരം ഭക്ഷണം വീടുകളിൽ എത്തിക്കുന്നതിന് സർവീസ് ചാർജ് ഈടാക്കും. ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ കുടുംബശ്രീ ഹോട്ടലുകൾ കൂടുതൽ സജീവമാകും. വീടുകളിലേക്ക് ഭക്ഷണത്തിനായി പ്രത്യേക ആപ്പ് വഴി ഓൺ ലൈൻ ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലാണ് ഓർഡർ പ്രകാരം ഭക്ഷണങ്ങൾ ഒരുക്കുന്നത്. ഊണ് കൂടാതെ ചായ, പലഹാരങ്ങൾ തുടങ്ങിയവക്ക് വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കാൻ ഉദ്ദേശിക്കുന്നത്.വീടുകളിലേക്കുള്ള ഓർഡറുകൾ കൂടുന്ന പക്ഷം കൂടുതൽ വിഭവങ്ങളും തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ പ്രവർത്തകർ. കുറഞ്ഞ വിലക്ക് വീട്ടിലെ ഭക്ഷണംഎന്ന ഉദ്ദേശത്തോടെയാണ് സംരംഭം തുടങ്ങുന്നത്.സാധാരണ ഗതിയിൽ മറ്റുള്ള ഹോട്ടലുകളെ അപേക്ഷിച്ച് വനിതകൾ നടത്തുന്ന കുടുംബശ്രീ ഹോട്ടലുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.