sunilkumar
മേതല ഐ.എൽ.എം.കോളേജിലെ നിരീക്ഷണക്യാമ്പിൽ മന്ത്രി വി. എസ്. സുനിൽകുമാർ സൗകര്യങ്ങൾ വിലയിരുത്തുന്നു.

കുറുപ്പംപടി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തിരിച്ചെത്തുന്ന മലയാളികളെ നിരീക്ഷണത്തിൽ താമസിപ്പിക്കുന്നതിനായി വേങ്ങൂരിലും രായമംഗലത്തും രണ്ട് നിരീക്ഷണക്യാമ്പുകൾ സജ്ജമാക്കി.വേങ്ങൂരിൽ രാജഗിരി വിശ്വജ്യോതി കോളേജിലും രായമംഗലത്ത് ഐ.എൽ.എം.കോളേജിലുമാണ് ക്യാമ്പുകൾ തയ്യാറാക്കിയത്. കോളേജുകളുടെ ഹോസ്റ്റൽ മുറികളിൽ ഇതിനായിഏർപ്പെടുത്തിയ സൗകര്യങ്ങൾ മന്ത്രി വി.എസ്.സുനിൽകുമാർ നേരിട്ടെത്തി വിലയിരുത്തി. ഐ.എൽ.എം കോളേജിൽ 56 മുറികളും വേങ്ങൂരിൽ 35 മുറികളുമാണ് തയ്യാറാക്കിയത്. ഫാൻ, ലൈറ്റുകൾ, കിടക്ക, ബെഡ്ഷീറ്റുകൾ, ബക്കറ്റുകൾ, മാലിന്യനിർമ്മാർജന സംവിധാനം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കുന്നതിനും മറ്റുമായി 20 വാളന്റിയർമാർക്ക് പരിശീലനം നൽകി. ഞായറാഴ്ച ഉച്ചയോടെ മാലിദ്വീപിൽ നിന്ന് മടങ്ങിയെത്തുന്നവരെ ക്യാമ്പുകളിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവരുടെ വരവ് തൽക്കാലം മാറ്റിവച്ചതായി പഞ്ചായത്തിന് അറിയിപ്പ് ലഭിച്ചു. പഞ്ചായത്തുകളുടെ സമൂഹ അടുക്കളയിൽ ഞായറാഴ്ചത്തേയ്ക്കുളള ഭക്ഷണം തയ്യാറാക്കിയിരുന്നതായി അധികൃതർ പറഞ്ഞു. ഇനി ഇവർ എന്നെത്തുമെന്ന് വിവരം ലഭിച്ചിട്ടില്ല.റവന്യൂവകുപ്പ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവർ ചേർന്നാണ്ക്യാമ്പുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ശനിയാഴ്ച മന്ത്രിയ്‌ക്കൊപ്പം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, പഞ്ചായത്ത്പ്രസിഡന്റുമാരായ എം. എ.ഷാജി(വേങ്ങൂർ), സൗമിനിബാബു (രായമംഗലം),കുറുപ്പംപടി സി.ഐ.കെ.ആർ.മനോജ് എന്നിവരും ഉണ്ടായിരുന്നു.