കൊച്ചി: കൊവിഡ്-19 ന്റെ കാലയളവിൽ ലോക്ക് ഡൗണിന്റെ മറവിൽ 60 ദിവസത്തെ ബില്ലിന് പകരം 70 ദിവസത്തെ ഉപഭോഗം കണക്കിലെടുത്ത് കെ.എസ് .ഇ.ബി ബില്ലുകൾ നൽകി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി. ലോക്ക് ഡൗൺ കാലയളവിൽ എല്ലാവരും വീടുകളിൽ തന്നെ ആയതു കൊണ്ട് വൈദ്യുത ഉപഭോഗം വളരെ കൂടുതലാണ്. 10 ദിവസത്തെ അധിക ബിൽ തുക കൂടി വരുമ്പോൾ സ്ലാബിൽ മാറ്റം വരും. ബിൽ തുകയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവും. മറ്റ് പല സംസ്ഥാനങ്ങളും കൊവിഡിന്റെ പേരിൽ വൈദ്യുതിക്ക് ഇളവുകൾ നൽകുമ്പോൾ സംസ്ഥാനത്ത് നടത്തുന്ന ഇത്തരം ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്നും വൈദ്യുതി ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസ നടപടികൾ പ്രഖ്യാപിക്കണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.