കോലഞ്ചേരി: കല്ല്യാണം ലളിതമാക്കി, കല്ല്യാണ ചിലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്. ചേർത്തല മാളിയേക്കൽ റോബർട്ട് റോസ ദമ്പതികളുടെ മകൾ അൽഫോൺസയും,തിരുവാണിയൂർ കണ്യാട്ടുനിരപ്പ് മണ്ടോത്തിൽ വർഗീസ് ലിസി ദമ്പതികളുടെ മകൻ ജോൺസും തമ്മിലുള്ള വിവാഹ വേദിയാണ് മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കൈത്താങ്ങായി മാറിയത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് ലളിതമായ രീതിയിലാണ് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വിവാഹം നടന്നത്. വിവാഹ ചെലവുകൾക്കായി മാറ്റി വച്ച 20000 രുപയുടെ ചെക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.വി ശ്രീനിജിന് നവദമ്പതികൾ കൈമാറി. വികാരി ഫാ.ജിബി ഇച്ചിക്കോട്ടിലടക്കമുള്ളവരും ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസി ട്രാവൽ ഏജൻസിയിലെ ജീവനക്കാരനാണ് ജോൺസ്.