leena
ലീനയുടെ ഭർത്താവ് ഷിബു, മകൻ ജസ്റ്റിൻ എന്നിവർക്കൊപ്പം ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവർ

കൊച്ചി: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കഴിഞ്ഞദിവസം മസ്തിഷ്‌കമരണം സംഭവിച്ച ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ അദ്ധ്യാപികയായ ലാലി ഗോപകുമാറിന്റെ (50) ഹൃദയം കോതമംഗലം ഭൂതത്താൻകെട്ട് ശങ്കരത്തിൽ ലീനയിൽ (49) സാധാരണനിലയിൽ പ്രവർത്തിച്ചു തുടങ്ങിയതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

ലിസി ആശുപത്രിയിൽ അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ലീനയെ കഴിഞ്ഞദിവസം രാത്രിതന്നെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ഇതുവരെയുള്ള ആരോഗ്യസ്ഥിതിയിൽ പൂർണതൃപ്തരാണ്. ലീനയെ തിങ്കളാഴ്ച വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാവിലെ നടത്തിയ വിശദമായ ആരോഗ്യപരിശോധനക്ക് ശേഷമാണ് ലീനയുടെ ആരോഗ്യവിവരം ഡോ. ജോസ് ചാക്കോ വിശദീകരിച്ചത്. തുടർന്നുള്ള പരിശോധനകളും ചികിത്സകളും കാർഡിയോളജി വിഭാഗം മേധാവി ഡോ. റോണി മാത്യുകടവിലിന്റെ നേതൃത്വത്തിൽ തുടരും.

ഗുരുതരരോഗം ബാധിച്ച ലീനയുടെ ജീവൻ നിലനിർത്താനുള്ള ലിസി ആശുപത്രിയുടെ ശ്രമത്തിന് കൈത്താങ്ങായ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മുൻ എം.പി പി. രാജീവ്, അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി എന്നിവരോടുള്ള നന്ദി ഡയറക്ടർ ഫാ. പോൾ കരേടൻ അറിയിച്ചു.

ലീനയുടെ ഭർത്താവ് ഷിബു, ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജെറി ഞാളിയത്ത്, ഫാ.ഷനു മൂഞ്ഞേലി, കാർഡിയാക് അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ജേക്കബ് എബ്രഹാം, കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്, ലീനയുടെ മകൻ ജസ്റ്റിൻ എന്നിവരും സന്നിഹിതരായിരുന്നു.

പൊലീസിനായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ലാലി ഗോപകുമാറിന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് 40 മിനിട്ടിൽ എറണാകുളം ഗ്രാൻഡ് ഹയാത്തിലെ ഹെലിപ്പാഡിൽ പറന്നിറങ്ങി. അവിടെ നിന്ന് ആറുകിലോമീറ്റർ അകലെയുള്ള ലിസി ആശുപത്രിയിൽ ഹൃദയം നാലുമിനിട്ടിൽ എത്തിക്കുകയായിരുന്നു.