കീഴില്ലം: ചെന്നൈയിൽ നിന്നെത്തിയ രോഗബാധിതയായ യുവതിയുടെ അഞ്ചു വയസുകാരൻ മകനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടിയേയും മുത്തച്ഛനേയും അമ്മയുടെ അമ്മയേയും, അവരുടെ അമ്മയേയും കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
ചെന്നൈയിൽ നിന്നും ഡയാലിസിസിനായാണ് യുവതി ആലുവയ്ക്കടുത്തുള്ള ആശുപത്രിയിലെത്തിയത്. യുവതിയോടൊപ്പം ആശുപത്രിയിലായിരുന്നു അമ്മ. കുട്ടിയെയും അമ്മയുടെ അമ്മയെയും ആശുപത്രിയിലെ റൂമിലേയ്ക്കും, മറ്റു രണ്ടു പേരെ ഐസൊലേഷൻ വാർഡിലേയ്ക്കുമാണ് മാറ്റിയത്.
നാട്ടിൽ യുവതിയുടെ അമ്മയേയും അച്ഛനേയും ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടോ ഡ്രൈവറേയും വീട്ടിൽ ക്വാറന്റൈനിലാക്കി. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നുമെത്തിയ യുവതിയുടെ ഭർത്താവും സഹോദരനും ചായ കുടിച്ച ചായക്കട ആരോഗ്യ വകുപ്പ് നേരത്തെ അടപ്പിച്ചിരുന്നു.
ഭർത്താവും സഹോദരനും ചെന്നൈയ്ക്ക് തിരിച്ചു പോയി അവർ അവിടെ നിരീക്ഷണത്തിലാണ് . ചെന്നൈയിൽ വിവാഹം കഴിച്ച യുവതി, ആലുവയ്ക്കടുത്ത ആശുപത്രിയിലാണ് വൃക്ക രോഗ ചികിത്സക്കായി കഴിഞ്ഞ ആറിന് എത്തിയത്. വീട്ടിലെത്തിയ ശേഷം രായമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്തിരുന്നു.