കൊച്ചി: മാലദ്വീപിൽ നിന്ന് നാവികസേനയുടെ കപ്പലിൽ ജന്മനാട്ടിലെത്തി മണിക്കൂറുകൾക്കകം സോണിയ ജേക്കബ് അമ്മയായി.
തിരുവല്ല ഇരവിപേരൂർ സ്വദേശിനിയും മാലദ്വീപിൽ നഴ്‌സുമായ
സോണിയ ജേക്കബാണ് മാതൃദിനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
കൊച്ചിയിലെത്തിയ ഐ.എൻ.എസ് ജലാശ്വ കപ്പലിൽ സോണിയ ഉൾപ്പെടെ19 പേർ ഗർഭിണികൾ ഉണ്ടായിരുന്നു. എമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷമാണ് സോണിയക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് 5.40 ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 36 ആഴ്ചയായിരുന്നു പ്രായം. കുഞ്ഞിനെ നവജാതശിശു ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു.
ആറുതവണ ഗർഭം അലസിയിട്ടുള്ള സോണിയ ദീർഘനാളായി അമ്മയാകാൻ ഒരുക്കത്തിലായിരുന്നു. ആദ്യ കപ്പലിൽതന്നെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചത് വലിയ ആശ്വാസം നൽകിയിരുന്നു. നാട്ടിൽ തിരിച്ചെത്താനും അമ്മയാകാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സോണിയ. സോണിയയുടെ ഭർത്താവ് ഷിജോ കേരളത്തിൽ നഴ്‌സാണ്. ഷിജോയും കുടുംബാംഗങ്ങളും സോണിയയെ സ്വീകരിക്കാൻ എത്തിയിരുന്നു.