ചെന്നൈ: സംസ്ഥാന സർക്കാർ പോർട്ടലിലെ രജിസ്ട്രേഷന് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ ചെന്നൈയിൽ നിന്നുള്ള അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. ചെക്ക് പോസ്റ്റുകൾ ഒഴിവാക്കാൻ കുടിയേറ്റക്കാർ ഗ്രാമങ്ങളുടെ ഇടറോഡുകൾ വഴിയാണ് ജില്ല, സംസ്ഥാന അതിർത്തികൾ കടക്കുന്നത്.
മിക്കവരും കാൽനടയായി അതിർത്തി കടക്കുകയാണ് ചെയ്യുന്നത്. പലരും ഭക്ഷണം പോലും ലഭിക്കാതെ പട്ടിണിയായതോടെയാണ് തമിഴ്നാട് വിട്ടു പോവാനൊരുങ്ങുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. രണ്ടര ലക്ഷം പേരാണ് നിലവിൽ സർക്കാർ നൽകിയ www.nonresidenttamil.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ നടപടിക്രമങ്ങൾ പാതിവഴിയിലായതോടെയാണ് ആളുകൾ നാട്ടിലേക്ക് മടങ്ങുന്നത്.
പാഡിയനല്ലൂർ ടോൾ ഗേറ്റ് ഒഴിവാക്കാൻ ഇടറോഡുവഴി നട്ടിലേക്ക് മടങ്ങുകയാണെന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുന്ന ചെന്നൈയിൽ നിന്നുള്ള 24 കാരനായ സിറാജുദീൻ പറഞ്ഞു. ഒരു വർഷമായി ഇവിടെ സിൽമില്ലുകളിലും പെയിന്റ് വ്യവസായങ്ങളിലും ജോലി ചെയ്തിരുന്ന ഇയാൾ പോർട്ടൽ ആരംഭിച്ചയുടൻ രജിസ്റ്റർ ചെയ്തു. എന്നാൽ അവർക്ക് ഇതുവരെ ഒരു അപ്‌ഡേറ്റും ലഭിച്ചിട്ടില്ല.
ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനായി സർക്കാർ പുറത്തിറക്കിയ എമർജൻസി നമ്പറുകളുമായി (ഐഎഎസ്-കേഡർ നോഡൽ ഓഫീസർമാരെ) കുടിയേറ്റ തൊഴിലാളികകൾ ബന്ധപ്പെടുന്നുണ്ട്. എന്നാൽ കോളുകൾക്ക് മറുപടി ലഭിച്ചിട്ടില്ല.
ലഭ്യമായ എല്ലാ ബസുകളും ഓടിച്ച് അധികൃതക്ക് കുടിയേറ്റക്കാരെ കാര്യക്ഷമമായി നാട്ടിലേക്ക് എത്തിക്കാമായിരുന്നു. എന്നാൽ ഇതിനു ബദലായി ഒരു പോർട്ടൽ ഉണ്ടാക്കുക മാത്രമാണ് അധികൃതർ ചെയ്തത്. പരിമിതമായ ട്രെയിനുകൾ മാത്രമാണ് ഓടിക്കുന്നതെന്ന് സി.ഐ.ടി.യു പ്രസിഡന്റ് എ. സൗന്ദരരാജൻ പറഞ്ഞു.
2.5 ലക്ഷം തൊഴിലാളികൾ തമിഴ്‌നാട്ടിൽ നിന്ന് സ്വദേശങ്ങളിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തതായി ഡാറ്റ സൂചിപ്പിക്കുന്നു. ഒരു ട്രെയിനിൽ 1,130 തൊഴിലാളികളെ മാത്രമേ ഉൾക്കൊള്ളിക്കാൻ കഴിയൂ. ഉപയോഗിക്കാത്ത 21,000 സർക്കാർ ബസുകൾ സംസ്ഥാനത്തുണ്ട്. ഇതിലൂടെ ഒരു ദിവസം എട്ട് ലക്ഷം തൊഴിലാളികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാമെന്ന് സാധിക്കുമെന്നും സൗന്ദരരാജൻ പറഞ്ഞു.