കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസന്വേഷണം കൊവിഡിന്റെ മറവിൽ അട്ടിമറിച്ച് ഇല്ലാതാക്കാൻ സി.പി.എം നേതൃത്വം ശ്രമിക്കുകയാണെന്ന് കോൺഗ്രസ് എം.എൽ.എമാർ ആരോപിച്ചു. കേസിലെ പ്രതികളെ സി.പി.എം ജില്ലാ നേതൃത്വമാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് എം.എൽ.എമാരായ വി.ഡി. സതീശൻ, പി.ടി. തോമസ്, ടി.ജെ. വിനോദ്, ഹൈബി ഈഡൻ എം.പി എന്നിവർ ആരോപിച്ചു.

ഒളിവിലുള്ളവരെ ചോദ്യംചെയ്താൽ നേതാക്കളുടെ പങ്ക് വെളിപ്പെടുന്നത് തടയാനാണ് ശ്രമം. അന്വേഷണം മരവിപ്പിച്ച് കേസുതന്നെ ഇല്ലാതാക്കാനാണ് നീക്കം. കുറ്റപത്രം 90 ദിവസത്തിനകം നൽകാതിരുന്നാൽ പ്രതികൾക്ക് ജാമ്യവും ലഭിക്കും. നേതാക്കളിലേക്ക് നീണ്ടപ്പോൾ അന്വേഷണസംഘത്തിന് കൂച്ചുവിലങ്ങിട്ടു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ജില്ലാ ഓഫീസിലെ സ്ഥിരംസന്ദർശകനുമായ കറുകപ്പള്ളി സ്വദേശിയായ ഗുണ്ടയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുന്നത്. പ്രതികളെയും ബന്ധുക്കളെയും വിവരങ്ങൾ പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. തട്ടിപ്പ് പുറത്തുവരാതിരിക്കാൻ കോൺഗ്രസ് എം.എൽ.എമാർക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്തുന്നു.

പ്രളയദുരിതാശ്വാസം നാലുസ്ളാബുകളിലായാണ് നൽകിയത്. സ്ളാബുകൾ ലംഘിച്ച് 8.15കോടിരൂപ കൈമാറിയിരുന്നു. ഈതുക തിരിച്ചടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തിരിച്ചുകിട്ടിയ തുകയുടെ കണക്കുപോലും സർക്കാരിനില്ല. ഇതുമൂലം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാണെന്ന് നേതാക്കൾ പറഞ്ഞു.