കൊച്ചി: ട്രേഡ് യൂണിയൻ ദേശീയനേതാവും സോഷ്യലിസ്റ്റുമായ മുൻ എം.പി തമ്പാൻ തോമസിന് ആഘോഷമില്ലാതെ 80- ാം പിറന്നാൾ. ബോട്ടുജെട്ടിക്ക് സമീപത്തെ വീട്ടിലെത്തിയ സുഹൃത്തുക്കൾക്കൊപ്പം കേക്കുമുറിച്ചു. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ ഉൾപ്പെടെ നേരിട്ടും ഫോണിലൂടെയും ആശംസകൾ നേർന്നു.
പൊതുരംഗത്ത് അരനൂറ്റാണ്ടിലേറെ സേവനം അനുഷ്ഠിച്ച തമ്പാൻ തോമസിന് ആദരവർപ്പിച്ച് സുഹൃത്തുക്കൾ തമ്പാൻ തോമസ് ഫൗണ്ടേഷൻ രൂപീകരിച്ചു. നിയമം, പാർലമെന്ററി ജനാധിപത്യം, മാദ്ധ്യമപ്രവർത്തനം, ട്രേഡ് യൂണിയൻ എന്നിവയിൽ പഠനവും പരിശീലനവും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരണവുമാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തനങ്ങൾ.
പത്തൊൻപതാം വയസിൽ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനമാരംഭിച്ച തമ്പാൻ തോമസ് ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂണിയനായ എച്ച്.എം.എസിന്റെ അഖിലേന്ത്യാ പ്രസിഡന്റായി മൂന്നുവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ ഉൾപ്പെടെ അന്താരാഷ്ട്ര തൊഴിലാളി സമ്മേളനങ്ങളിലും ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.1984ൽ മാവേലിക്കരയിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.