കോലഞ്ചേരി: ഏയ് ഓട്ടോ....... ഈ വിളി കേട്ടിട്ട് മാസം രണ്ടു കഴിഞ്ഞു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം തീരെ കേട്ടിട്ടില്ല . കൊവിഡ് മഹാമാരിയായി സംസ്ഥാനത്ത് പടരും മുമ്പു തന്നെ ഓട്ടോക്കാരുടെ കഷ്ട കാലം തുടങ്ങിയിരുന്നു. സമൂഹിക അകലം പാലിക്കണമെന്ന നിബന്ധന വന്നതോടെ യാത്രക്കാർ ഓട്ടോയ്ക്ക് ബൈ പറഞ്ഞു. പലരും പുറത്തേക്കിറങ്ങുന്നതു കുറഞ്ഞതോടെ ഗ്രാമ പ്രദേശങ്ങളിലെ ഓട്ടോ ഡ്രൈവർമാർ മാർച്ച് 15 നു മുമ്പു തന്നെ ലോക്ക് ഡൗണിലായി. മ​റ്റു സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായെത്തുന്ന ലോറികൾ തലങ്ങും വിലങ്ങും സർവീസ് നടത്തുന്നുണ്ട്. ഒരു നേരത്തെ പട്ടിണി മാ​റ്റാൻ ഓട്ടോറിക്ഷയുമായി ഞങ്ങൾക്കു റോഡിലിറങ്ങാൻ പ​റ്റില്ല ഓട്ടോ ഡ്രൈവർ പി.ഡി ശിവന്റെ പരിഭവമാണിത്. കവലയിൽ ഓട്ടോറിക്ഷ കൊണ്ടിട്ടാലുടൻ പൊലീസെത്തി പറഞ്ഞു വിടും. കേന്ദ്ര നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഓട്ടോയ്ക്ക് ഓടാൻ അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാൽ ഗ്രീൻ സോണിലായ ജില്ലകളിലെങ്കിലും സവാരി നടത്താൻ അനുവാദം നൽകണമെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം.

#വായ്പയിൽപ്പെട്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർമാർ

പല ഓട്ടോറിക്ഷ ഡ്രൈവർമാരും കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി ആകെ മുങ്ങി നിൽക്കുകയാണ്. ബ്ലേഡ്, മൈക്രോ ഫിനാൻസ്, അയൽക്കൂട്ടം എന്നിങ്ങനെ വായ്പകളോടു വായ്പയാണ് .ക്ഷേമനിധി അംഗങ്ങൾക്ക് ആനുകൂല്യവും വായ്പയുമൊക്കെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കിട്ടിയത് നാമമാത്രമായ അംഗങ്ങൾക്കു മാത്രം.

#യാതൊരു ഇളവുമില്ല

മിക്കവരുടെയും സെൽഫ് സ്റ്റാർട്ട് ഓട്ടോകൾ ആയതിനാൽ ഓടിക്കാതിരുന്നാൽ കേടാകും. പലതിന്റെയും ബാറ്ററി പോയി. ഇത് അ​റ്റകു​റ്റപ്പണികൾ തീർത്തെടുക്കാൻ അയ്യായിരത്തോളം രൂപ വേണ്ടിവരും. ഇൻഷ്വറൻസിനു ഭീമമായ തുകയാണ് അടയ്‌ക്കേണ്ടത് അതിന് ഇളവില്ല.ടാക്‌സ് ഇളവുമില്ല. ഇന്ധനവിലയും കൂട്ടി. വായ്പയെടുത്തു വാഹനം ഓടിക്കുന്നവരാണ് നല്ലൊരു ശതമാനം. നോട്ടിസ് വരുമ്പോഴാകും പലിശയുൾപ്പെടെ വലിയ തുക അടയ്‌ക്കേണ്ട വിവരം പലരും അറിയുന്നത് തന്നെ.