നെടുമ്പാശേരി: നെടുമ്പാശേരി, പാറക്കടവ് ഗ്രാമപഞ്ചായത്തുകളിലെ മുഖ്യകുടിവെള്ള സ്രോതസായ മാഞ്ഞാലി തോട്ടിൽ രാസമാലിന്യവും പായലും നിറഞ്ഞ് നീരൊഴുക്കു നിലച്ചു. ജലലഭ്യത കുറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ല.
വേനൽ കടുത്തതോടെ കിണറുകളിൽ ഉറവ കുറഞ്ഞു. കുടിവെള്ളം ക്ഷാമം രൂക്ഷമായി.എല്ലാവർഷവും തോട്ടിലെ പായൽ നീക്കി ശുചീകരണം നടത്താറുണ്ടെങ്കിലും ഇക്കുറി നടപടിയൊന്നും ഉണ്ടായില്ല. നിലവിൽ ചൂണ്ടാൻതുരുത്ത് പാലത്തിനു സമീപമാണ് പായൽ കുന്നുകൂടിയത്. ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച മാഞ്ഞാലി തോട് വീണ്ടും പഴയ സ്ഥിതിയിലായത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് ആരോപണം .
പാറക്കടവ് പഞ്ചായത്തിലെ പുളിയനം, കോടുശ്ശേരി ഭാഗങ്ങളിലേക്ക് കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും മാഞ്ഞാലിത്തോടിനെയാണ് ആശ്രയിക്കുന്നത്. മാലിന്യം നിറഞ്ഞ വെള്ളം , മാരക രോഗങ്ങൾക്ക് കാരണമാകും. ലോക്ക് ഡൗണിന്റെ പേരിൽ മാഞ്ഞാലി തോടിന്റെ നവീകരണം നീട്ടിയാൽ മറ്റൊരു ദുരന്തത്തിന് വഴിവെക്കും.
മാഞ്ഞാലി തോട് എത്രയും വേഗം നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് അറിയിച്ചു.