ആലുവ: വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലെങ്കിൽഇതര സംസ്ഥാനത്ത് നിന്നുമെത്തുന്നവർക്ക് ദുരിതകാലം. ത്രിതല സമിതികളോ ജില്ലാ ഭരണകൂടമോ ക്വാറന്റൈൻ സൗകര്യമൊരുക്കാത്തതാണ് വിനയാകുന്നത്.

വിദേശത്ത് നിന്നുമെത്തുവർക്ക് ജില്ലാ ഭരണകൂടം ഏഴ് ദിവസത്തെ സർക്കാർ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്നവരെ ഹോം ക്വാറന്റൈനിൽ പാർപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. ഓന്നോ രണ്ടോ മുറികൾ മാത്രമുള്ള വീടുകളിൽ താമസിക്കുന്നവർക്കാണ് പ്രശ്നം.

റൈബിന് യാത്രാനുമതി:

ആശങ്കബാക്കി

ആലുവ: തമിഴ്നാട് തിരുവല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആലുവ ജനത റോഡിൽ പുളിക്കപ്പറമ്പിൽ റൈബിൻ തോമസിന് ഒടുവിൽ നാട്ടിലേക്ക് വരുന്നതിന് യാത്രാനുമതി ലഭിച്ചെങ്കിലും ക്വാറന്റൈൻ സൗകര്യമായില്ല. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ സഹപ്രവർത്തകരായ മറ്റ് എട്ട് പേർക്കൊപ്പം റൈബിൻ വാഹനത്തിൽ നാട്ടിലേക്ക് തിരിച്ചു. ദിവസങ്ങൾ മുനിസിപ്പൽ ഓഫീസിൽ കയറിയിറങ്ങിയ ശേഷം ഇന്നലെ ഉച്ചയോടെ സെക്രട്ടറി മുഖേന ജില്ലാ കളക്ടർ യാത്രാനുമതി നൽകുകയായിരുന്നു. ഊമക്കുഴിത്തടത്തിലെ ഒറ്റമുറി വാടക വീട്ടിലാണ് റൈബിന്റെ കുടുംബം താമസിക്കുന്നത്. വീട്ടിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തതിനാൽ സർക്കാർ സൗകര്യം വേണമെന്നാണ് റൈബിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടത്. വാളയാർ ചെക്ക് പോസ്റ്റിൽ എത്തുന്നതിന് മുമ്പ് ജില്ലാ ഭരണകൂടം താമസസൗകര്യത്തിൽ തീരുമാനം എടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.