• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അർബുദ രോഗിയുടെ ഒരുലക്ഷം
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അർബുദ രോഗിയുടെ വക ഒരുലക്ഷം രൂപ. ഭീമമായ ചികിത്സാചെലവിനിടയിലും കൊവിഡിന്റെ ദുരിതം പേറുന്നവർക്ക് തുണയാവാനുള്ള സന്മനസുണ്ടായത് അങ്കമാലി കറുകുറ്റി സ്വദേശി ദിവാകരനാണ്.
നാലുമാസം മുൻപാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. വെല്ലൂരിൽ സി.എം.സി ഹോസ്പിറ്റലിൽ ആണ് ചികിത്സ തുടങ്ങിയത്. ആയുസ് പരിമിതപ്പെട്ടുവെന്ന സൂചന ഡോക്ടർമാർ നൽകിയതോടെ ചികിത്സ മതിയാക്കി വീട്ടിലേക്ക് മടങ്ങി. ഇപ്പോൾ ഡോ.വി.പി. ഗംഗാധരന്റെ ചികിത്സയിലാണ്.
രോഗമല്ല, ലോകത്തെ വിറപ്പിക്കുന്ന കൊവിഡാണ് തന്നെ വിഷമിപ്പിക്കുന്നതെന്ന് ദിവാകരൻ പറയുന്നു.
നമ്മുടെ ആരോഗ്യപ്രവർത്തകരും സന്നദ്ധ സംഘടനകളും തുടക്കംമുതൽ ഉണർന്നു പ്രവർത്തിച്ചതുകൊണ്ടാണ് കേരളം ഇങ്ങിനെയെങ്കിലും പിടിച്ചുനിൽക്കുന്നത്. പക്ഷേ ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ സർക്കാരിന് പണം ഒരു പ്രശ്നംതന്നെയാണ്. സൗജന്യചികിത്സയും ഭക്ഷണവും ക്വാറന്റൈൻ, താമസ സൗകര്യങ്ങളും ഒരുക്കണമെങ്കിൽ സാധാരണക്കാരൻ മുതൽ വൻവ്യവസായികൾ വരെ അവരാലാകുംവിധം കൈകോർക്കണം. അതുകൊണ്ടാണ് ആരോഗ്യം അനിശ്ചിതത്വത്തിലായ ഘട്ടത്തിലും താൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയതെന്ന് ദിവാകരൻ വ്യക്തമാക്കി.
2018 ലെ പ്രളയകാലത്തും 5.30 ലക്ഷം രൂപ ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയിരുന്നു.
കൊവിഡ് പ്രതിസന്ധി എത്രകാലം നീണ്ടുനിൽക്കുമെന്ന് ധാരണയില്ലാത്ത സാഹചര്യത്തിൽ സാമുദായിക സംഘടനകൾ ഉൾപ്പെടെ സകലസംഘടകളും ആളും അർത്ഥവുമായി സർക്കാരിന് പിന്തുണയുമായി രംഗത്ത് വരണമെന്നാണ് ദിവാകരന്റെ അഭ്യർത്ഥന.