കൊച്ചി: ട്രെയിനുകളിലെത്തുന്ന യാത്രക്കാർക്കായി ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഡൽഹിയിൽ നിന്ന് 13ന് പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട്, എറണാകുളം ജംഗ്ഷൻ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലാണ് നിറുത്തുന്നത്. എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപജില്ലകളിലേക്കും എത്തിക്കാനായി വാഹനങ്ങളും ഓരോ യാത്രക്കാരുടെയും പ്രാഥമികലക്ഷണങ്ങൾ വിലയിരുത്താനുള്ള സംവിധാനങ്ങളും ക്രമീകരിക്കും. കെഎസ്.ആർ.ടി.സി ബസുകളും ടാക്‌സി സംവിധാനവും ക്രമീകരിക്കും.
തുറമുഖത്തിലെ പ്രവർത്തനങ്ങൾ അനായാസമായി നടത്താൻ കൂടുതൽ ക്രമീകരണങ്ങൾ നടത്തും. അതിനായി മോക്ക് ഡ്രിൽ വീണ്ടും നടത്തും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആളുകളെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി. നിലവിൽ നിരീക്ഷണ കേന്ദ്രങ്ങളിലുള്ള ആളുകളെ വീടുകളിലേക്ക് അയക്കും. സ്വകാര്യ വാഹനങ്ങളിലോ ടാക്‌സികളിലോ വീടുകളിലേക്ക് മടങ്ങാം. വിദേശത്തുനിന്നെത്തിയ ആളുകൾക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനായി കൗൺസലിംഗ് നടത്തും.