മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. 54 പേർക്ക് രോഗം സ്ഥിതീകരിച്ചു. രോഗം പടർന്ന് പിടിക്കാൻ തുടങ്ങിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. സമീപ പഞ്ചായത്തുകളായ വാരപ്പെട്ടി, ആയവന പഞ്ചായത്തുകളിലെല്ലാം തന്നെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മുടവൂർ, പേഴയ്ക്കാപ്പിള്ളി, നിരപ്പ്, ഈസ്റ്റ് വാഴപ്പിള്ളി, തട്ടുപറമ്പ് പ്രദേശങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ദേശീയ പാതയുടെ ഭാഗമായ കക്കടാശ്ശേരി മുതൽ പെരുമറ്റം വരെയും എം.സി.റോഡിന്റെ ഭാഗമായ തൃക്കളത്തൂർ മുതൽ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിവരെയും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗമായ വാഴപ്പിള്ളി മുതൽ വീട്ടൂർ വരെയുള്ള ഭാഗത്തെയും ഓടകൾ ശുചീകരിക്കുന്നതിന് വകുപ്പ് മേധവികൾക്ക് നിർദ്ദേശം നൽകി. രണ്ട് ദിവസം പഞ്ചായത്തിൽ വാഹനത്തിൽ ഡെങ്കിപ്പനിക്കെതിരെയുള്ള പ്രചരണം നടത്താനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം, തഹസീൽദാർ പി. എസ്. മധുസൂദനൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ.അനിൽ, ആമിന മുഹമ്മദ് റാഫി, സൈനബ സലീം തുടങ്ങിയവർ പങ്കെടുത്തു.
#ഉന്നതതല യോഗം ചേർന്ന
കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ച് മരണം റിപ്പോർട്ട ചെയ്ത പഞ്ചായത്താണ് പായിപ്ര. മാലിന്യ സംസ്‌കരണമില്ലാത്തതിനാൽ പഞ്ചായത്തിലെ പൊതുനിരത്തിലടക്കം മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചാത്തായ പായിപ്രയിൽ റബ്ബർ തോട്ടങ്ങൾ, കോഴി ഫാമുകൾ അടക്കമുള്ളതിനാൽ കൊതുകുകൾ വളരുന്നതിനും മറ്റും സാധ്യത കൂടുതലാണ്. പഞ്ചായത്തിൽ രോഗം പടർന്ന് പിടിക്കാൻ തുടങ്ങിയതോടെയാണ് എൽദോ എബ്രഹാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ പായിപ്രയിൽ ഉന്നതതല യോഗം ചേർന്നത്. കൊതുക് നശീകരണമടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
#പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കും
ഓരോ വാർഡിലേയ്ക്കും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് 10000 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഫണ്ട് ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാ വാർഡിലേയും സാനിറ്റേഷൻ കമ്മിറ്റികൾ അടിയന്തിരമായി ചേരുന്നതിന് യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് എൻ.എച്ച്. എമ്മിൽ നിന്നും കൂടുതൽ ഫണ്ട് അനുവദിക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു.