കൊച്ചി: കൊവിഡ് ദുരിതകാലഘട്ടത്തിൽ ഗരീബ് കല്യാൺ നിധി എന്ന പേരിൽ നരേന്ദ്രമോദി സർക്കാർ നേരിട്ട് ജനങ്ങളിലെത്തിക്കുന്നത് തടസപ്പെടുത്തുന്ന ഇടതുപക്ഷ ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
സാധാരണക്കാരന് ആശ്വാസകരമായ സഹായങ്ങൾ സാങ്കേതികതടസങ്ങൾ സൃഷ്ടിച്ച് തടയാനാണ് ഇടതുപക്ഷ യൂണിയനുകളിലെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ജില്ലാ സഹകരണബാങ്കിലെ ജൻധൻ അക്കൗണ്ടുകളിൽ കഴിഞ്ഞമാസം സഹായം ലഭിക്കാതിരുന്നത് പരിശോധിച്ചപ്പോഴാണ് കേന്ദ്രസർക്കാരിന് ഡാറ്റ കൈമാറാതെ തടഞ്ഞുവച്ചത് ശ്രദ്ധയിൽപ്പെട്ടത്.
ബി.ജെ.പിയുടെ ഇടപെടൽമൂലം ജില്ലാബാങ്കിൽ ജൻധനെടുത്ത വനിതകൾക്ക് ഈമാസം മുതൽ അഞ്ഞൂറ് രൂപ പ്രതിമാസം ലഭ്യമാകും. കഴിഞ്ഞദിവസം എളമക്കര കോർപ്പറേഷൻ ബാങ്കിൽ വനിതാജൻധൻ സഹായം തടഞ്ഞു. പാറക്കടവ് കൃഷിഭവനിൽ കിസാൻ സമ്മാൻനിധി സഹായങ്ങൾക്ക് സാങ്കേതിക തടസങ്ങൾ ഉണ്ടാക്കാൻ ഇടതുപക്ഷ യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. ബി.ജെ.പി പ്രവർത്തകർ ഇടപെട്ടപ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ വഴങ്ങിയത്. പേരുമാറ്റി പല പദ്ധതികളും തങ്ങളുടേതാക്കി അവതരിപ്പിക്കുന്ന ഇടതുപക്ഷ യൂണിയനുകളും സി.പി.എമ്മും നേരിട്ടെത്തുന്ന സഹായങ്ങൾ തടസപ്പെടുത്തി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടം ലഭിക്കുമെന്നതാണ് കുത്സിതശ്രമം നടത്തുന്നതിലെ മന:ശാസ്ത്രം.
ദുരിതകാലത്ത് രാഷ്ട്രീയം പറയരുതെന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം അണികളെ ഇത്തരം കള്ളക്കളികളിൽ നിന്നു വിലക്കണം. അടിസ്ഥാന വിഭാഗത്തിന് ലഭിക്കേണ്ട സഹായങ്ങൾക്ക് തടസംനിന്നാൽ ശക്തമായ സമരപരിപാടികൾക്ക് കൊവിഡ് കാലത്തും നിർബന്ധിതരാകുമെന്ന് എസ്. ജയകൃഷ്ണൻ പറഞ്ഞു.