കൊച്ചി : വേണ്ടിവന്നാൽ കൊവിഡിനെതിരെ എത്രഅങ്കത്തിനും തയ്യാറാണ് സോഫിയ. കേരളം ആശങ്കപ്പെട്ട കാലത്ത് കൊവിഡ് രോഗികളെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ട ആദ്യസംഘങ്ങളിലൊന്നിൽ അംഗമായിരുന്നു ഉദയംപേരൂർ സ്വദേശിനി സോഫിയ ദിവാകരൻ എന്ന നഴ്സിംഗ് അസിസ്റ്റന്റ്. കോട്ടയം മെഡിക്കൽ കോളേജിൽ സോഫിയ ഉൾപ്പെട്ട 25 അംഗ സംഘമാണ് പത്തനംതിട്ട സ്വദേശികളായ കൊവിഡ് രോഗികളെ പരിചരിച്ചത്.
മാർച്ച് ഒമ്പതിന് പത്തനംതിട്ട റാന്നിയിൽ നിന്ന് സമ്പർക്കം മൂലം രോഗബാധിതരായെത്തിയ വൃദ്ധ ദമ്പതികളെയാണ് ശുശ്രൂഷിച്ചത്. 93കാരൻ തോമസ് ചേട്ടനെയും 88 കാരി മറിയാമ്മ ചേട്ടത്തിയെയും സ്വന്തം മാതാപിതാക്കളെപ്പോലെയാണ് നോക്കിയതെന്ന് സോഫിയ പറഞ്ഞു. ലോകത്തെതന്നെ കൊവിഡ് ചികിത്സയിലെ നാഴികക്കല്ലായിരുന്നു ഈ ദമ്പതികളുടെ അതിജീവനം. ഇറ്റലിയിൽ നിന്നുവന്ന മക്കളിൽ നിന്നാണ് ഇവർ രോഗബാധിതരായത്.
തങ്ങൾക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല രോഗികൾ രക്ഷപെടണം എന്നതായിരുന്നു മെഡിക്കൽ സംഘത്തിന്റെ തീരുമാനം. വൃദ്ധദമ്പതികൾ സുഖം പ്രാപിച്ച് തിരിച്ചുപോകുമ്പോൾ ക്വാറന്റൈനിലായിരുന്നു സോഫിയ. ഏപ്രിൽ എട്ടു വരെ കൂട്ടിലടച്ച കിളിയെപ്പോലെ ആയിരുന്നു ജീവിതം. ഫോണിലൂടെയുള്ള ബന്ധങ്ങൾ മാത്രം. തളർന്നുപോകുന്ന അവസരത്തിൽ ഭർത്താവിന്റെയും മക്കളുടെയും സ്നേഹം കരുത്തായി.
ആദ്യഘട്ടത്തിൽ കൊവിഡ് ഐ.സി.യു ഡ്യൂട്ടികഴിഞ്ഞ് ദിവസവും വീട്ടിൽപോകുമായിരുന്നു. അതുകൊണ്ട് ഭർത്താവും മക്കളും 14 ദിവസം ഹോംക്വാറന്റൈനിലുമായി.
2013 ൽ നേരിട്ട് നിയമനം കിട്ടിയ സോഫിയ ഏഴ് വർഷമായി കോട്ടയം മെഡിക്കൽ കോളേജിലാണ്. പനങ്ങാട് സ്വദേശിയായ ഭർത്താവ് വിദ്യാധരൻ തൃപ്പൂണിത്തുറ മേക്കര പ്രൈമറി ഹെൽത്ത് സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റാണ്. ബ്രഹ്മദത്ത്, ദത്താത്രയൻ എന്നീ രണ്ട് ആൺമക്കൾ. തെക്കൻ പറവൂരിൽ ആണ് സോഫിയയും കുടുംബവും താമസിക്കുന്നത്.