കൊച്ചി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിലിന്റെ തിരക്കേറിയ സ്‌റ്റേഷനുകളിൽ ഡിജിറ്റൽ തെർമോ സ്‌കാനിംഗ് കാമറകൾ സ്ഥാപിക്കും. ഓരോ സർവീസ് കഴിയുമ്പോഴും ട്രെയിനുകൾ അണുവിമുക്തമാക്കാനും കെ.എം.ആർ.എൽ തീരുമാനിച്ചു. ഒരേസമയം പത്തുപേരെ ഒരുമിച്ച് സ്‌കാൻ ചെയ്യാൻ കഴിയാവുന്ന ഡിജിറ്റൽ തെർമോ സ്‌കാനിംഗ് കാമറയിൽ യാത്രക്കാരുടെ ശരീരോഷ്മാവും പരിശോധിക്കാനാകുമെന്ന് എം.ഡി അൽകേഷ് കുമാർശർമ പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാർച്ച് 20നാണ് മെട്രോട്രെയിൻ സർവീസുകൾ നിർത്തിവെച്ചത്.
# യാത്രയിലും സ്‌റ്റേഷനിലും യാത്രക്കാർക്ക് മുഖാവരണം നിർബന്ധം.
# ഓരോ കോച്ചിലെയും തണുപ്പിന്റെ അളവ് 24 മുതൽ 26 ഡിഗ്രി വരെയാക്കും.
# സീറ്റുകൾ, ട്രെയിനുള്ളിൽ യാത്രക്കാർക്ക് പിടിക്കാനുള്ള തൂണ്, മുകളിലുള്ള ഹുക്ക് എന്നിവ അണുവിമുക്തമാക്കും.
# എ.എഫ്.സി ഗേറ്റുകൾ, സ്‌റ്റെർകെയ്‌സുകളുടെ പിടി, എസ്‌കലേറ്റർ, ലിഫ്റ്റ് ബട്ടൺ, പ്ലാറ്റ് ഫോം കസേരകൾ എന്നിവയും അണുവിമുക്തമാക്കും.
# ആദ്യഘട്ടത്തിൽ പ്രധാന സ്‌റ്റേഷനുകളിലാണ് ഡിജിറ്റൽ തെർമോകാമറകൾ സ്ഥാപിക്കുക.
# എല്ലാ സ്‌റ്റേഷനുകളിലും തെർമോ സ്‌കാനറുകളും സ്ഥാപിക്കും.
# എല്ലാ സ്‌റ്റേഷനുകളിലും ഹാൻഡ് സാനിറൈസറുകളും സോപ്പ് ലായനിയും സജ്ജീകരിക്കും. # രോഗലക്ഷണമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
# ശാരീരികഅകലം പാലിക്കാനുള്ള മൈക്ക് അനൗൺസ്‌മെന്റുണ്ടാകും.
# മെട്രോ ജീവനക്കാരെ തെർമൽ സ്‌ക്രീനിംഗ് നടത്തും. ജോലിസമയത്ത് ട്രെയിൻ ഓപ്പറേറ്റർമാർ മാസ്‌കും കൈയുറയും ധരിയ്ക്കണം.