പള്ളുരുത്തി: കഴിഞ്ഞ ഒരാഴ്ചയായി മട്ടാഞ്ചേരി ഭാഗത്ത് കുടിവെളളം കിട്ടാത്ത അവസ്ഥയാണ്. തോപ്പുംപടിയിൽ ഹാർബർ പാലത്തിനടിയിലെ ഭീമൻ പൈപ്പിൽ നിന്ന് ദിനംപ്രതി ലിറ്റർകണക്കിന് കുടിവെള്ളം പാഴാകുന്നത്. മാസങ്ങൾ പലതും കഴിഞ്ഞെങ്കിലും അറ്റകുറ്റപണികൾ നടത്തി കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ വാട്ടർ അതോറിറ്റി തയ്യാറായിട്ടില്ല. എറണാകുളത്തു നിന്നും പടിഞ്ഞാറൻ കൊച്ചിയിലേക്ക് കുടിവെള്ളം കടന്നു വരുന്ന പൈപ്പാണിത്. പൈപ്പ് കാലപ്പഴക്കത്താൽ തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. പശ്ചിമകൊച്ചിയുടെ വിവിധ പ്രദേശമായ മട്ടാഞ്ചേരി, പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലാണ്. പല സ്ഥലങ്ങളിലും ടാങ്കർ ലോറിയിലാണ് കുടിവെള്ളം എത്തിക്കുന്നത്. ചില സമയങ്ങളിൽ ദുർഗന്ധം നിറഞ്ഞ മഞ്ഞ നിറത്തോടു കൂടിയ ചെളി വെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്. ചില സ്വകാര്യ വ്യക്തികളുടെയും പൊതു ടാപ്പിലും വെള്ളമേ എത്താറില്ല. എന്നാലും വാട്ടർ ബില്ല് മുടക്കം കൂടാതെ എത്താറുണ്ട്.ഹാർബർ പാലത്തിന്റെ മധ്യഭാഗത്തും സിഫ്ട് ഓഫീസിനു സമീപത്തുമായി 2 സ്ഥലങ്ങളിലുടെയാണ് പമ്പിംഗ് സമയത്ത് ലിറ്ററ് കണക്കിന് കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.