കൊച്ചി: മാലദ്വീപിൽ നിന്ന് കപ്പലിലെത്തിയതിന് പിന്നാലെ ആൺകുഞ്ഞിന് ജന്മം നൽകിയ സോണിയ ജേക്കബിന് ആശംസയും അഭിനന്ദനവും നേർന്ന് ദക്ഷിണ നാവികത്താവളം അധികൃതർ ആശുപത്രിയിലെത്തി. വളർച്ച പൂർണമാകും മുൻപ് ജനിച്ച കുഞ്ഞ് പ്രത്യേക പരിചരണത്തിൽ കഴിയുകയാണ്.

ലഫ്റ്റനന്റ് കമാൻഡർ രമ്യ സാവിയുടെ നേതൃത്വത്തിലാണ് ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിയത്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന സോണിയയുടെ മാതാപിതാക്കളായ കെ.എ. ജേക്കബ്, ബീന ജേക്കബ് എന്നിവർക്ക് രമ്യ സാവി പൂച്ചെണ്ട് നൽകി സേനയുടെ ആശംസ അറിയിച്ചു. സോണിയ, ഭർത്താവ് ഷിജോ എന്നിവരുമായി വീഡിയോകോളിൽ സംസാരിച്ചു. മാലദ്വീപിൽ നിന്നുള്ള യാത്രയിലുടനീളം നാവികസേനാംഗങ്ങൾ നൽകിയ പരിചരണത്തിലും ശ്രദ്ധയിലും സോണിയ നന്ദിയും സന്തോഷവും അറിയിച്ചു.

സേനയ്ക്കും അഭിമാനം നൽകുന്നതാണ് സോണിയ കുഞ്ഞിന് ജന്മം നൽകിയതെന്ന് കമാൻഡർ രമ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. നഴ്സ് എന്ന നിലയിൽ സോണിയയുടെ സേവനം പ്രധാനമാണെന്നും അവർ പറഞ്ഞു.

നാവികസേനയുടെ സമുദ്രസേതു രക്ഷാദൗത്യത്തിന്റെ ഭാഗമായി മാലദ്വീപിൽ നിന്നെത്തിയ ജലാശ്വ കപ്പലിലാണ് സോണിയ ഞായറാഴ്ച കൊച്ചിയിലെത്തിയത്. പരിശോധനകൾക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട സോണിയ വൈകിട്ടാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. മാലദ്വീപിൽ നഴ്സായിരുന്നു സോണിയ.