ആലുവ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.എസ്.ഐ സഭ (ചർച്ച് ഒഫ് സൗത്ത് ഇന്ത്യ) കൊച്ചിൻ മഹാഇടവക ആലുവ ബിഷപ്പ് ഹൗസിൽ ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശിച്ചു.
അടുക്കളത്തോട്ടത്തിലൂടെ പച്ചക്കറി ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞാൽ കോവിഡ് 19 പോലുള്ള പ്രതിസന്ധികളിൽ ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കൊച്ചി ഡയോസിസ് വിഹിതമായ ഒരുലക്ഷം രൂപയുടെ ചെക്ക് മഹാഇടവക ബിഷപ്പ് ബി.എൻ. ഫെൻ മന്ത്രിക്ക് കൈമാറി.
മന്ത്രിയെ മഹാഇടവക സ്ത്രീജനസഖ്യം പ്രസിഡന്റ് സഖി മേരിഫെൻ അടുക്കളത്തോട്ടത്തിൽ നിന്നും വിളവെടുത്ത മത്തങ്ങ നൽകിയാണ് സ്വീകരിച്ചത്. അൻവർ സാദത്ത് എം.എൽ.എ, ഇടവക സെക്രട്ടറിമാരായ റവ. ജോൺ ജോസഫ്, ബാബു എബ്രഹാം, പി.ഡി മാത്യു, പ്രൈസ് തൈപ്പറമ്പിൽ, റവ ടി.വി. ജെയിംസ്, പി.സി. ചാണ്ടി, സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ എന്നിവർ പങ്കെടുത്തു.