കിഴക്കമ്പലം: ചെമ്പറക്കി പുക്കാട്ടുപടി റോഡിലെ ബി.എം,ബി.സി ടാറിംഗ് ജോലികൾ തടസപ്പെടുത്തി മുപ്പത്തി അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായി പരാതി. കിഴക്കമ്പലം ട്വന്റി 20 നടത്തുന്ന വികസന പ്രവർത്തനങ്ങളെ ഒരു വിഭാഗം തടസപ്പെടുത്തുന്നതായാണ് പരാതി. നിർമാണം തടസപ്പെട്ടതിനെ തുടർന്ന് 36 ലോഡ് ടാർ മിക്‌സ് റോഡിൽ കൂട്ടിയിടേണ്ടി വന്നു. ഈ റോഡിൽ 5 കിലോ മീറ്ററിനാണ് ബി.എം,ബി.സി ടാറിംഗിന് അനുമതി ലഭിച്ചത്. ഇതിൽ വാഴക്കുളം പഞ്ചായത്തിന്റെ പരിധിയിലുള്ള 3 കിലോമീറ്റർ റോഡിന്റെ ടാറിംഗ് പൂർത്തീകരിച്ചു. കിഴക്കമ്പലം പഞ്ചായത്ത് പരിധിയിലുള്ള റോഡ് ടാർ ചെയ്യാൻ ആരംഭിച്ചപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്.അതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ എ.സി.വി ചാനൽ സംഘത്തെ കൈയേറ്റം ചെയ്തു തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകി. കെ.ജെ.യു താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രശ്നം തുടങ്ങിയത്. നിലവിൽ അഞ്ചര മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് ട്വന്റി20 കരാർ ഏറ്റെടുത്ത് ഏഴര മീറ്റർ വീതിയിലാണ് ടാർ ചെയ്യുന്നത്.
#പണി തടസപ്പെടുത്തിയിട്ടില്ലെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ്
കാലവർഷത്തിനു മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവ് ഉണ്ടായിട്ടും നിർമാണം ആരംഭിച്ചതെന്ന് ട്വന്റി20 ഭാരവാഹികൾ പറഞ്ഞു. എന്നാൽ മലയിടംതുരുത്ത് ജംഗ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന നിർമിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടെതെന്നും പണി തടസപ്പെടുത്തിയിട്ടില്ലെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ അനിൽകുമാർ പറഞ്ഞു.