pic

കൊച്ചി: കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുന്നതോടെ എറണാകുളം ജില്ലയിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുവരെ നിരീക്ഷിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തി ജില്ലാ ഭരണകൂടം. വരുന്നവരെല്ലാം വീടുകളിൽ ഉൾപ്പെടെ ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാർഡ് തലത്തിലെ നിരീക്ഷണം കർശനമാക്കി.

അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരുൾപ്പെടെയുള്ളവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുണ്ട്. നിരീക്ഷണ കാലാവധി കഴിയുന്നതുവരെ ഇവരെ വാർഡുതല സംഘം നിരീക്ഷിക്കും. കോർപ്പറേഷൻ പരിധിയിൽ ഓരോ വാർഡിലും ഒന്നിലധികം നിരീക്ഷണ സംഘത്തെയും ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണം സംബന്ധിച്ച പ്രതിദിന റിപ്പോർട്ട് കളക്ടറേറ്റിൽ ലഭ്യമാക്കുന്നുണ്ട്.

ദിവസവും രണ്ടു നേരം ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ആശാ പ്രവർത്തകർ വീടുകളിൽ എത്തി നിരീക്ഷണത്തിൽ കഴിയുന്നവർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. കൂടാതെ അതത് പൊലീസ് സ്റ്റേഷൻ പരിധിയിലും നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യ വസ്തുക്കളും ഭക്ഷണവും എത്തിച്ചു നൽണമെന്ന നിർദേശവുമുണ്ട്. വാർഡ്തല ജാഗ്രത സമിതിയുടെ നേതൃത്വത്തിലായിരിക്കും ഇക്കാര്യങ്ങൾ നടപ്പാക്കുന്നത്.

നിലവിൽ ജില്ലയിൽ 26 നിരീക്ഷണ കേന്ദ്രങ്ങളിലായി 3600ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേരാണ് ജില്ലയിൽ കൊവി‌ഡ് 19 ബാധിച്ച് ചികിത്സയിലുള്ളത്. ഇതരസംസ്ഥാനങ്ങളിലെ രോഗബാധിത മേഖലകളിൽ നിന്ന് എത്തിയിട്ടുള്ളവരെ വീടുകളിലാണ് 14 ദിവസത്തെ നിരീക്ഷണത്തിലാക്കുന്നത്.