migrant-workers

ചെന്നൈ: തമിഴ്നാട്ടിൽ വിവിധ മേഖലയിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ വഴിയില്ലാതെ പ്രക്ഷോഭം ഉണ്ടാക്കിയതിനെ തുടർന്ന് ഓരാഴ്ചയ്ക്കുള്ളിൽ ഇവരെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് രണ്ടര ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് സർക്കാർ പോർട്ടലിൽ രജിസ്റ്റ‌ർ ചെയ്തത്. ഇതിൽ പകുതി ആളുകളെ പോലും സർക്കാറിന് നാട്ടിലെത്തിക്കാനായിട്ടില്ല.

ഭക്ഷണത്തിന്റെയും താമസ സൗകര്യത്തിന്റെയും അഭാവം മൂലം നിരവധി തൊഴിലാളികൾ കഴിഞ്ഞ ദിവസം തെരുവിൽ പ്രതിഷേധിച്ചിരുന്നു. പലരും ചെക്ക് പോസ്റ്റുകൾ കടക്കാതെ ഇടവഴിയിലൂടെ കാൽനടയായി നാട്ടിലേക്ക് പലായനം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം നിരവധി കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെയാണ് സർക്കാർ നടപടിയുമായി രംഗത്തെത്തിയത്.

കുടിയേറ്റ തൊഴിലാളികളെ ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലേക്ക് അയയ്ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനി സ്വാമി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 9,000 ത്തിലധികം കുടിയേറ്റ തൊഴിലാളികളെ ഇതുവരെ എട്ട് ട്രെയിനുകളിൽ തമിഴ്‌നാട്ടിൽ നിന്ന് അയച്ചിട്ടുണ്ടെന്നും പളനിസ്വാമി പ്രസ്താവനയിൽ അറിയിച്ചു.തിങ്കളാഴ്ച വരെ അവരുടെ ക്യാമ്പുകളിൽ തുടരാനും അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ അഭ്യർത്ഥനയും അതത് സംസ്ഥാന സർക്കാരുകളുടെ സ്വീകാര്യതയും അടിസ്ഥാനമാക്കി നാട്ടിലേക്ക് അയയ്ക്കാനുള്ള ഏകോപന ശ്രമങ്ങൾ നടന്നുവരികയാണ്. രാജ്യത്ത് കൊവിഡ് പടർന്നു പിടിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് തമിഴ്നാട്. അതിനാൽ അവിടെയുള്ള ഇതര സംസ്ഥാനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആശങ്കകൾ ചെറുതല്ല. ആദ്യ ഘട്ടത്തിൽ പോർട്ടലിൽ വിവരം നൽകി ഇവർ കാത്തിരുന്നെങ്കിലും സർക്കാർ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാതിരുന്നതിനാൽ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ ബസുകളിൽ നാട്ടിലേക്ക് ഇവരെ മടക്കി അയക്കാൻ മാർഗമുണ്ടായിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു.