കൊച്ചി : പ്രവാസിയായ അമ്മ കൊവിഡ് രോഗമില്ലെന്നു വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി. അഞ്ചു വയസുള്ള കുട്ടിയെ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സൗദി അറേബ്യയിൽ ജോലിചെയ്തിരുന്ന തൊടുപുഴ സ്വദേശിനിയാണ് കുട്ടിയെ നിശ്ചിതകാലത്തേക്ക് വിട്ടുകിട്ടാൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിയും ഭർത്താവുമായുള്ള കുടുംബത്തർക്കം തൊടുപുഴ കുടുംബക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ കഴിഞ്ഞ മാർച്ച് ആദ്യം നാട്ടിലെത്തിയ ഹർജിക്കാരി കുട്ടിയെ വിട്ടുകിട്ടാൻ തൊടുപുഴ ഫാമിലി കോടതിയിയെ സമീപിച്ചിരുന്നു. ഹർജിക്കാരി കൊവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് എതിർഭാഗത്തിന്റെ വാദം പരിഗണിച്ച കോടതി ഈ ആവശ്യം തള്ളി. പിന്നീട് ലോക്ക് ഡൗണിനെത്തുടർന്ന് കോടതി അടച്ചു. തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്താൻ തയ്യാറാണെന്നും കുട്ടിയെ തനിക്ക് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞതവണ ഹർജി പരിഗണിച്ച ഡിവിഷൻബെഞ്ച് കൊവിഡ് ടെസ്റ്റ് നടത്തി റിസൽട്ട് ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹർജിക്കാരി ഹാജരാക്കി.