മൂവാറ്റുപുഴ: അതിശക്തമായ മഴയിലും ഇടിയിലും വീടും വീട്ടുപകരണങ്ങളും തകർന്നു. തിങ്കളാഴ്ച വെെകീട്ട് ഉണ്ടായ ശക്തമായ മഴയിലും ഇടിയിലും പായിപ്ര മേഖലയിൽ വീടുകളും നിരവധി വീട്ടുപകരണങ്ങൾ ഭാഗികമായി തകർന്നു. പായിപ്ര ഗ്രാമ പഞ്ചായത്ത് 22- ാ വാർഡിൽ വാടകക്ക് താമസിക്കുന്ന പുതിയേടത്ത് റഫീക്കിന്റെ വീട് ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്താൽ വീടിന്റെ ഭിത്തികൾ പൊട്ടുകയും അടിത്തറ ഇളകുകയും ഓടുകൾ പൊട്ടി തെറിക്കുകയും ചെയ്തു. വീടിന്റെ അകത്തുള്ള ഫാനുകൾ , ഫ്രിഡ്ജ്, ഇൻവെർട്ടർ, വാട്ടർ സപ്ലെെ പെെപ്പ്, എന്നിവയെല്ലാം തകർന്നു. ഭാര്യയും മൂന്നു കുട്ടികളുമുള്ള റഫീഖ് കൂലിപ്പണിക്കാരനാണ്. മൂന്നു കുട്ടികളിൽ രണ്ട് കുട്ടികൾ കേൾവികുറവുള്ളവരാണ്. റഫീഖും ഭാര്യയും മൂന്നുകുട്ടികളും വീട്ടിനകത്തുണ്ടെയിരുന്നെങ്കിലും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റഫീഖ് പറഞ്ഞു. കെട്ടിടത്തിന്റെ ഉടമയായ കാട്ടാറമ്പേൽ കുഞ്ഞുബാവ കൂലിപണിക്കാരനാണ് . വൃദ്ധരായ കുഞ്ഞുബാവയും ഭാര്യയും മകളുടെ വീട്ടിൽ താമസിക്കുന്നതു കൊണ്ടാണ് റഫീഖിന് ചെറിയ വാടകക്ക് നൽകിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിച്ച ഇടിവെട്ട് വെെകീട്ട് 6 വരെ തുടർന്നു. റഫീക്കിന്റെ വീടിൻ്റെ തന്നെ സമീപത്തുള്ള ആലിൻ ചുവട്ടിൽ പുത്തൻപുരയിൽ ലീലയുടെ വീട്ടിൽ രണ്ട് ഫാൻ, ഫ്രിഡ്ജ് എന്നിവർ കത്തിനശിച്ചു. വൃദ്ധയായ ലീലക്ക് ഷോക്കേറ്റു. സമീപത്തുള്ള ഷൺമുഖനും ഭാര്യ സിന്ധുവിനും ഷോക്കേറ്റു. രണ്ടാം വാർഡിലെ മുക്കടയിൽ എം.കെ. ജോർജിന്റെഫ്രിഡ്ജ് കത്തിപോയി.