arogya-setu

കൊച്ചി : ആരോഗ്യസേതു ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുണ്ടോയെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോടു വാക്കാൽ ചോദിച്ചു.

ഇക്കാര്യം വ്യക്തമാക്കി വിശദീകരണപത്രിക നൽകാൻ നിർദ്ദേശിച്ച ഡിവിഷൻബെഞ്ച് ബന്ധപ്പെട്ട ഹർജികൾ മേയ് 18ന് മാറ്റി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യസേതു ആപ്പ് എല്ലാവരും ഡൗൺലോഡ് ചെയ്യണമെന്നും പാലിക്കാത്തവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ മേയ് ഒന്നിന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ, കളമശേരി സ്വദേശി ജാക്സൺ മാത്യു തുടങ്ങിയവരാണ് ഹർജികൾ നൽകിയത്.

മൊബൈൽ ആപ്പ് നിർബന്ധമാക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയെന്ന അവകാശത്തിന്റെ ലംഘനമാണെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ രാജ്യം അസാധാരണ സാഹചര്യം നേരിടുമ്പോൾ അസാധാരണ നടപടികൾ വേണ്ടിവരുമെന്ന് ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു.

ആരോഗ്യസേതു ഏറ്റവും മികച്ച ആപ്പ് ആണെന്നും ഹോട്ട്സ്‌പോട്ടുകൾ തിരിച്ചറിയാൻ ഇതിലൂടെ കഴിയുമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ വിശദീകരിച്ചു. പത്തുകോടി ജനങ്ങൾ ഇതുവരെ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്തു.

എന്നാൽ മൊബൈൽ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ശേഖരിക്കുന്ന വിവരങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുണ്ടോയെന്ന് ഡിവിഷൻബെഞ്ച് ചോദിച്ചത്.