കൂത്താട്ടുകുളം:
നഗരസഭയും മർച്ചന്റ് വെൽഫെയർ സഹകരണ സംഘവും സംയുക്തമായി കൂത്താട്ടുകുളം ടൗൺ തോടിൻ്റെ (ചന്തതോട്) ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു . കൂത്താട്ടുകുളത്തെ പകർച്ചവ്യാധികളുടെ പ്രഭവകേന്ദ്രമായ ഈ തോട് മണ്ണും,മാലിന്യങ്ങളും, കാട്ടു ചെടികളും വളർന്ന്
നീരൊഴുക്ക് തടസപ്പെട്ട നിലയിലായിരുന്നു. ടൗണിലെ മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട്
മാർച്ചന്റ് വെൽഫെയർ സഹകരണ സംഘം നഗരസഭയ്ക്ക് നിവേദനം നൽകിയിരുന്നു.
കോവിഡ് 19 സർക്കാർ മാർഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക്
സാമ്പത്തിക സഹായം നൽകുവാൻ മാർച്ചന്റ് വെൽഫെയർ സഹകരണ സംഘം തയ്യാറാണെന്ന
വിവരം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ടൗൺ തോട് ശുചീകരണം ഇന്നലെ രാവിലെ ആരംഭിച്ചു .
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ റോയി എബ്രഹാം നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ വിജയാ ശിവൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് , സഹകരണ സംഘം പ്രസിഡൻറ് ലാജി എബ്രാഹം, കമ്മിറ്റി അംഗങ്ങളായ, മർക്കോസ് ജോയി കുഴൽനാട്ട് , ടി.എം.മാത്തച്ചൻ ,
കൗൺസിലർമാരായ ലിനു മാത്യു , ബിന്ദു മനോജ് പ്രിൻസ് പോൾ ജോൺ, ബിജു ജോൺ
ജീനാമ്മ സിബി,വത്സ ബേബി,എന്നിവർ പങ്കെടുത്തു.