കൊച്ചി: പ്രവാസികളെ കൊവിഡ് നിരീക്ഷണത്തിൽ താമസിപ്പിക്കാൻ ഹോട്ടലുകളിലെയും ലോഡ്‌ജുകളിലെയും മുറികൾ സൗജന്യമായി സർക്കാരിന് നൽകില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ കെ.എച്ച്ആർ.എ അറിയിച്ചു. നിബന്ധപൂർവം ഹോട്ടൽ മുറികൾ ഏറ്റെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്‌തീൻ കുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.

പ്രവാസികളുടെ തിരിച്ചുവരവ് എത്രകാലം നീളുമെന്ന് വ്യക്തമല്ല. അനിശ്ചിതമായി ഹോട്ടലുകൾ വിട്ടുനൽകാൻ കഴിയില്ല. സർക്കാർ ഏറ്റെടുക്കുന്ന കാലത്തെ വൈദ്യുതി, ജലം, ജനറേറ്റർ, അറ്റകുറ്റപ്പണി തുടങ്ങിയവയുടെ ചെലവ് ആരുവഹിക്കുമെന്ന് വ്യക്തമല്ല. അമ്പതു ദിവസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ഹോട്ടലുകളിൽ നിന്ന് വരുമാനമില്ല. . വായ്പയെടുത്തും കെട്ടിടങ്ങൾ പാട്ടത്തിനും വാടകയ്ക്കുമെടുത്തുമാണ് ഹോട്ടലുകൾ ഭൂരിഭാഗവും പ്രവർത്തിപ്പിക്കുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള കെ.ടി.ഡി.സിയുടെ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മുറിവാടക നൽകണമെന്നിരിക്കെ ഹോട്ടലുകൾ സൗജന്യമായി നൽകാൻ കഴിയില്ല. വാടക സർക്കാർ നൽകുകയോ താമസക്കാരിൽ നിന്ന് ഈടാക്കാൻ അനുവദിക്കുകയോ വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.