op
ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കാരണക്കോടം തോടും പരിസരവും സന്ദർശിക്കുന്ന മന്ത്രി വി.എസ്.സുനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി.തോമസ്, ടി.ജെ.വിനോദ്, മേയർ സൗമിനി ജെയിൻ, കളക്‌ടർ എസ്.സുഹാസ് എന്നിവർ

# ബന്ധിപ്പിക്കുന്നത് കാരണക്കോടം, ചങ്ങാടംപോക്ക് തോടുകൾ

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട്പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി കാരണക്കോടം, ചങ്ങാടംപോക്ക് തോടുകളെ പരസ്പരം ബന്ധിപ്പിക്കും. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ഇതോടെ കലൂർ ജവഹർലാൽ നെഹ്രുസ്റ്റേഡിയം, മെട്രോ സ്റ്റേഷൻ പരിസരത്തെയും കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ പ്രദേശത്തെയും വെള്ളക്കെട്ടിന് വലിയൊരളവിൽ പരിഹാരമാകും.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ഥലസന്ദർശനം നടത്തിയശേഷം ചേർന്ന യോഗത്തിലാണ് അടിയന്തര നടപടി എന്ന നിലയിൽ ഇരു തോടുകളും കൂട്ടിയോജിപ്പിക്കാൻ തീരുമാനിച്ചത്.

കലൂർ മെട്രോ സ്റ്റേഷൻ പരിസരത്തു നിന്നും വെള്ളമൊഴുകിപ്പോകാത്തതിനാൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലേക്ക് വെള്ളംകയറി പ്രവർത്തനം തടസപ്പെടുന്ന സാഹചര്യം ഇനിയും ആവർത്തിക്കരുതെന്ന് മന്ത്രി പറഞ്ഞു.

കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി തോമസ്, ടി.ജെ. വിനോദ്, മേയർ സൗമിനി ജെയിൻ, കളക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയർമാൻ ബാജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

തീരുമാനങ്ങൾ

# റോഡിന്റെ വശങ്ങളിലെ കാനശുചീകരിക്കാൻ കെ.എം.ആർ.എല്ലിനെയും കൊച്ചി കോർപ്പറേഷനേയും ചുമതലപ്പെടുത്തി.

# നഗരത്തിലെ കാനകളിലൂടെയും ചെറുതോടുകളിലൂടെയും പ്രധാന തോടുകളിലെത്തുന്ന വെള്ളം കായലിലേക്ക് ഒഴുക്കണം.

# മഴക്കാലം ശക്തിയാർജിക്കുന്നതിന് മുമ്പുതന്നെ അടിയന്തര നടപടികൾ പൂർത്തീകരിക്കണം.
# ഇടപ്പള്ളിത്തോടും ചെറുതോടുകളും ചെളിയും പായലുംനീക്കി ആഴംകൂട്ടി ജലപ്രവാഹം സുഗമമാക്കും.