sudha
മാസ്ക് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തോട്ടുമുഖം ശ്രീനാരായണഗിരിയിലെ സുധയും വിദ്യാർത്ഥിനികളും

ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരിയിലെ അന്തേവാസിനിയും ബധിരയും മൂകയുമായ സുധ ലോക്ക് ഡൗൺ കാലത്ത് പതിവിലുമേറെ തിരക്കിലാണ്. 250ഓളം വരുന്ന അന്തേവാസികൾക്കെല്ലാം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് അവർ. അന്തേവാസികളായ സ്കൂൾ വിദ്യാർത്ഥികൾ സഹായത്തിനുണ്ട്.

പുറത്തിറങ്ങുന്നതിന് മാസ്ക് നിർബന്ധമാക്കിയതോടെയാണ് നേരത്തെ തയ്യൽ പഠിച്ചിട്ടുള്ള സുധ മാസ്ക് നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. ശ്രീനാരായണ ലൈബ്രറിയുടെ സെക്രട്ടറി തനുജ ഓമനക്കുട്ടൻ തുണിവാങ്ങി നൽകി. അന്തേവാസികൾക്ക് ആവശ്യമായ മാസ്ക് നിർമ്മാണം കഴിഞ്ഞെങ്കിലും ആവശ്യക്കാർക്ക് ചുരുങ്ങിയ വിലക്ക് നൽകുന്നതിനുള്ള ശ്രമത്തിലാണ് സുധയും കുട്ടികളും.

1977ൽ മൂന്ന് സഹോദരിമാർക്കൊപ്പം ഗിരിയിൽ എത്തിയതാണ് സുധ. ഇപ്പോൾ 54 വയസായി. മൂന്ന് സഹോദരിമാരും ഗിരിയിൽ വച്ച് വിവാഹിതരായി. മൂത്ത സഹോദരി സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു. രണ്ടാമത്തെയാളാണ് സുധ. മൂന്നാമത്തെയാൾക്ക് എംപ്ലോയ്‌മെന്റ് എക്സ്ഞ്ചേഞ്ച് മുഖേന താത്കാലിക ജോലിയുണ്ട്. ഇളയയാൾക്ക് എറണാകുളം ഗേൾസ് സ്‌കൂളിലാണ് ജോലി.