കൂത്താട്ടുകുളം:സുഭിക്ഷ കേരളം പദ്ധതിയിൽപെടുത്തി മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യയുടെ കോമ്പൗണ്ടിൽ ഫലപ്രദമായി ജൈവ പച്ചക്കറി കൃഷി ചെയ്യുമെന്ന് എം.പി.ഐ. ചെയർമാൻ അഡ്വ. ടി.ആർ.രമേഷ് കുമാർ അറിയിച്ചു. എം.പി.ഐ.കോമ്പൗണ്ടിലെ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിർമ്മാജന പ്ലാന്റിലെ വളമുള്ള വെള്ളം കൃഷിക്ക് ഉപയോഗിക്കും. എം.പി.ഐ.യിലെ സോസേജടക്കം ഉൽപ്പന്നങ്ങൾക്കാവശ്യമായ ഇഞ്ചി, മുളക്, തക്കാളിയടക്കം ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.തൃശൂർ ജില്ലയിലെ ആതിരപ്പള്ളിയിൽ 14 ഏക്കർ സ്ഥലം പോത്തിൻ കിടാരികളെ വളർത്തുന്നതിനുള്ള ഫാമാക്കി വികസിപ്പിച്ചിട്ടുണ്ട്. ഫാമിന്റെ ഉദ്ഘാടനം ലോക്ക് ഡൗണിന് ശേഷം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കമെന്നു ചെയർമാൻ അറിയിച്ചു.മൂല്യ വർദ്ധന ഉൽപ്പന്നങ്ങളുടെ ഉല്പാദനo ലക്ഷ്യമിടുന്ന പ്രൊജക്ട് പുനലൂർ നിയോജക മണ്ഡലത്തിലെ ഏരൂരിൽ ആരംഭിക്കുമെന്നും ചെയർമാർ ടി.ആർ.രമേശ് കുമാർ പറഞ്ഞു. സർക്കാർ മാനദണ്ഡം പാലിച്ച് നടന്ന പച്ചക്കറി തൈ നടീൽ ഉദ്ഘാടനത്തിൽ കൃഷി അസി.ഡയറക്ടർ ഫിലിപ്പ് വർഗീസ്, എം.പി.ഐ. ജനറൽ മാനേജർ സജി ഈശോ എന്നിവർ പങ്കെടുത്തു.