കൊച്ചി: ലോക്ക് ഡൗൺ ഇളവുമായി കള്ള് ഷാപ്പുകൾ ഇന്ന് വീണ്ടും തുറക്കുമെങ്കിലും ഞാറയ്ക്കൽ, മട്ടാഞ്ചേരി റേഞ്ചുകളിൽ കുടിയന്മാർ നിരാശരാകും. മറ്റിടങ്ങളിൽ ഇരുന്നടിക്കാൻ കഴിയില്ലെങ്കിലും ഒന്നര ലിറ്റർ വാങ്ങി പുറത്തുകൊണ്ടുപോയി കഴിക്കാം. 50 ദിവസത്തിലേറെയായി ചെത്തുമെങ്കിലും കള്ള് പാഴാക്കിക്കളയേണ്ടിവന്ന തൊഴിലാളികൾക്ക് ആശ്വാസമാകും.

മട്ടാഞ്ചേരി റേഞ്ചിൽ ഇക്കുറി ഷാപ്പുകൾ ആരും ലേലത്തിൽ പിടിച്ചില്ല. ഞാറയ്‌ക്കലിൽ ആകെ നാലു ഷാപ്പുകളേ ലേലത്തിൽ പോയുള്ളു. വിദേശമദ്യം ലഭിക്കാത്തതിനാൽ കള്ളെങ്കിലും കുടിക്കാമെന്ന് വിചാരിച്ച തീരവാസികൾക്കാണ് നിരാശ സംഭവിക്കുക. കള്ളിനോട് വലിയ പ്രിയം ഈ മേഖലയിൽ ജനങ്ങൾ കാണിക്കാത്തതാണ് ഷാപ്പുകൾ നടത്താൻ ആളെത്താത്തതെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറഞ്ഞു.

ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും പട്ടണങ്ങളിലുമുള്ളവർക്കാണ് കള്ളിനോട് താല്പര്യക്കുറവ്. കിഴക്കൻ മേഖലകളിലാണ് കള്ള് ഏറ്റവുധികം വിൽക്കപ്പെടുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കും കള്ള് പ്രിയങ്കരമാണ്.

പാലക്കാട് മേഖലയിൽ നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കള്ളെത്തുന്നത്. കള്ളിന്റെ ലഭ്യത ഉറപ്പാകാതെ മുഴുവൻ ഷാപ്പുകളും തുറക്കാൻ കഴിയില്ലെന്ന് ലൈസൻസികൾ പറഞ്ഞു.

# ആശ്വസിച്ച് തൊഴിലാളികൾ

ദിവസവും ചെത്തിയിരുന്നെങ്കിലും കള്ള് അളക്കാനോ വിൽക്കാനോ ഇതുവരെ കഴിഞ്ഞിരുന്നില്ല. ചെത്തിയില്ലെങ്കിൽ കുലകൾക്ക് കേട് സംഭവിക്കും. പിന്നീട് തെങ്ങായാലും പനയായാലും ചെത്തി കള്ളെടുക്കാൻ കഴിയില്ല. തൊഴിലാളികൾ നിത്യവും ചെത്തുമെങ്കിലും കള്ള് വെറുതെ കളയുകയായിരുന്നു.

കള്ള് വ്യവസായ മേഖല നൂറുകണക്കിന് തൊഴിലാളികൾക്കും കുടുംബത്തിനും ആശ്രയമാണ്. ചെത്തുകാർക്ക് പുറമെ ഷാഷ് ജീവനക്കാരും ഇവരിൽപ്പെടുന്നു. കൂടാതെ ഭക്ഷണം തയ്യാറാക്കി ഷാപ്പിൽ വിൽക്കുന്നവരും ഈ മേഖലയിലൂടെ ഉപജീവനം കഴിക്കുന്നവരാണ്.

ആകെ ഷാപ്പുകൾ : 586

പ്രവർത്തിക്കുന്നവ : 546

കള്ള് വ്യവസായ തൊഴിലാളികൾ : 2421

ചെത്തുതൊഴിലാളികൾ : 1575

# തുറക്കാൻ നിബന്ധനകൾ

രാവിലെ മുതൽ വൈകിട്ട് വരെ

പാഴ്സൽ മാത്രം വാങ്ങാം

കൂവിൽ അഞ്ചുപേർ മാത്രം

ഇരുന്ന് കഴിക്കരുത്

ഒരാൾക്ക് ഒന്നര ലിറ്റർ മാത്രം

സാമൂഹ്യ അകലം പാലിക്കണം

തൊഴിലാളികൾ അത്യാവശ്യത്തിന്

# താങ്ങായി ബോർഡ്

ലോക്ക് ഡൗൺ കാലത്ത് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് കൈത്താങ്ങായി. ബോർഡിൽ അംഗങ്ങളായവർക്ക് അടിയന്തര സഹായമായി 5,000 രൂപ അനുവദിച്ചു. വിതരണം പൂർത്തിയായിട്ടില്ല. വായ്പയായി 10,000 രൂപ വീതം ആവശ്യക്കാർക്ക് അനുവദിക്കുമെന്ന് ബോർഡ് അധികൃതർ പറഞ്ഞു.