social-media

കൊച്ചി: സോഷ്യൽ മീഡിയയിലെ അശ്ളീല പ്രയോഗങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആരെങ്കിലും അശ്ളീല കമന്റുകൾ പോസ്റ്റുചെയ്താൽ, പൊലീസിൽ പരാതി നൽകാതെ അതിലും മോശമായ മറുപടി നൽകുന്ന സ്ഥിതിയാണ്.നിയമവാഴ്ചയുടെ പരാജയമാണ് ഇതു സൂചിപ്പിക്കുന്നത്. സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. നിലവിലെ ശിക്ഷാനിയമപ്രകാരം കേസെടുക്കാൻ കഴിയും. ഇതിനായി പൊലീസ് ജാഗ്രത കാട്ടണം. വിധിപകർപ്പ് ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും അയയ്ക്കാൻ കോടതി നിർദേശിച്ചു.

സോഷ്യൽ മീഡിയയിലൂടെ അസഭ്യവർഷവുമായി വാർത്താവതരണം നടത്തിയെന്ന കേസിൽ ഒാൺലൈൻ ന്യൂസ് ചാനലിലെ അവതാരകയായ പത്തനംതിട്ട സ്വദേശിനി നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ സുപ്രീംകോടതി നൽകിയ മാർഗനിർദ്ദേശങ്ങളുടെ പശ്ചത്തലത്തിൽ കോടതി ജാമ്യം അനുവദിച്ചു.