കൊച്ചി: ലോക്ക് ഡൗൺ മൂലം സ്കൂൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ഒന്നാം ടേമിലെ പാഠഭാഗങ്ങളുടെ നോട്ടു തയ്യാറാക്കി യൂ ട്യൂബിലിട്ട അദ്ധ്യാപകന് വിദ്യാർത്ഥികളുടെ വക എ പ്ളസ്. തൃപ്പൂണിത്തുറ ഉദയംപേരൂർ എസ്.എൻ.ഡി.പിസ്കൂൾ സാമൂഹികശാസ്ത്ര അദ്ധ്യാപകനായ ഡി.സജി ആണ് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. സോഷ്യൽ ടീച്ചർ മലയാളം 3 എന്ന ചാനൽ പരിശോധിച്ചാൽ ഓരോ അദ്ധ്യായത്തിന്റെയും വീഡിയോ ക്ളാസ് കാണാം.
8,9,10 ക്ളാസുകളിലേക്കുള്ള നോട്ടുകളെല്ലാം സജി തയ്യാറാക്കി കഴിഞ്ഞു. നിലവിൽ പത്താം ക്ളാസുകാർക്ക് മാത്രമാണ് ക്ളാസ് .
# പഠനം ഇങ്ങനെ
രക്ഷിതാക്കളുടെ വാട്ട്സ് അപ്പ് വഴി ഉദയംപേരൂർ എസ്.എൻ.ഡി.പിസ്കൂൾ പത്താം ക്ളാസുകാരായ വിദ്യാർത്ഥികൾക്ക് അതാത് ദിവസങ്ങളിൽ പഠിക്കാനുള്ള ഭാഗങ്ങളുടെ ലിങ്ക് നൽകും. പിന്നാലെ ആ പാഠഭാഗത്തിന്റെ നോട്ട്സും നൽകും. തൊട്ടുത്ത ദിവസം ഈ പാഠഭാഗങ്ങളിൽ നിന്ന് പരീക്ഷ നടത്തും. നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ അവസാനിക്കും. സ്കൂൾ തുറന്നാൽ ഉത്തര പേപ്പറുകൾ പരിശോധിച്ച് മാർക്കിടുമെന്ന് സജി പറഞ്ഞു. മൊബൈൽ ഫോണും ടിവിയും കണ്ട് സമയം കളഞ്ഞിരുന്ന വിദ്യാർത്ഥികൾ ഗൗരവമായി പഠനത്തിലേക്ക് വന്നത് രക്ഷിതാക്കൾക്കും ആശ്വാസമായി.
# കൊവിഡ് വഴി കാട്ടിയായി
സ്മാർട്ട് ക്ളാസുകളായതോടെ ഈ വർഷം മുതൽ വീഡിയോ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അപ്പോഴാണ് കൊവിഡിന്റെ വരവ്. അതോടെ അദ്ധ്യാപനം ഓൺലൈനാക്കാതെ നിവൃത്തിയില്ലെന്നായി. എല്ലാം തനിയെയാണ് ചെയ്തത്. സോഷ്യൽ സയൻസ് റിസോഴ്സ് പേഴ്സൺ കൂടിയായതിനാൽ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് പാഠഭാഗങ്ങൾ യൂട്യൂബിലിട്ടത്. ദിവസവും നിത്യേന ആയിരത്തോളം പേർ ചാനൽ സന്ദർശിക്കുന്നുണ്ട്. സജി അഭിമാനത്തോടെ പറഞ്ഞു. ഉദയംപേരൂർഎസ്.എൻ.ഡി.പിയോഗം 1084 ശാഖാ യോഗം അംഗമാണ് സജി. പിന്തുണയും അഭിനന്ദനവുമായി ശാഖാ യോഗം ഒപ്പമുണ്ട്.