anwar-sadath-mla
ആലുവ ജില്ലാ ആശുപത്രിയിൽ യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന നഴ്സസ് ദിനാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ ഭാഗമായി വിവിധ സംഘടനകൾ ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സുമാരെ ആദരിച്ചു. ആദ്യം ആദരവുമായെത്തിയത് എൻ.സി.പി യുവജന വിഭാഗമായ എൻ.വൈ.സിയാണ്. അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആദരവ് അവസാനിച്ചപ്പോഴേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി.

യൂത്ത് കോൺഗ്രസിന്റെ നഴ്‌സസ് ദിനാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ സന്ദേശം നൽകി. നഴ്‌സസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലിൻറോ പി ആൻറു, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ റഷീദ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, മുഹമ്മദ് ഷെഫീക്ക് എന്നിവർ നേതൃത്വം നൽകി.

ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ ഗവ. ഹോസ്പിറ്റലിലെ നഴ്‌സിംഗ് സൂപ്രണ്ട് അജിതകുമാരിയെ ആദരിച്ചു. ബി.ജെ.പി ജില്ല ഉപാദ്ധ്യക്ഷൻ എം.എൻ ഗോപി പൊന്നാടഅണിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി സി. സുമേഷ്, മിഥുൻ എന്നിവരും സംബന്ധിച്ചു.

നെടുമ്പാശേരി: ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ നഴ്‌സുമാരെ പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ സന്ധ്യ നാരായണപിള്ള ആദരിച്ചു. ഹെഡ് നഴ്‌സ് കെ.പി. മിനിയെ പൊന്നാടഅണിയിച്ചാദരിച്ചു. പി.ടി. ലീന, റീജ ദാനിയേൽ, കെ.ബി. ഗീത എന്നിവർക്ക് റോസാപ്പൂക്കളും സമ്മാനിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പി.ടി. എലിസബത്ത് സന്ദേശം നൽകി.

ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പാറക്കടവ് പഞ്ചായത്ത് ഹെൽത്ത് സെന്ററിലെ നഴ്‌സ് ഷീജ വാറുണ്ണിയെ പൊന്നാട അണിയിച്ച് ആദരിച്ചു. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ മാസ്‌കും വിതരണം ചെയ്തു. ഹെൽത്ത് സെന്റർ ഇൻസ്‌പെക്ടർ ഷാജൻ പി.സി., ഡോ. ദിലീപ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് എന്നിവർ പങ്കെടുത്തു.