high-court

കൊച്ചി : വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരുടെ സർക്കാർ ക്വാറന്റൈൻ 14 ദിവസത്തിൽ നിന്ന് ഏഴു ദിവസമാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ കേന്ദ്ര സർക്കാർ വൈകാതെ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വ്യത്യസ്തസമീപനം സ്വീകരിച്ചതിനെതിരായ ഹർജികളിലാണ് ഡിവിഷൻബെഞ്ചിന്റെ നിർദേശം.

ഡോ. ബി. ഇക്ബാൽ ഉൾപ്പെട്ട വിദഗ്ദ്ധസമിതിയുടെ ശുപാർശ പ്രകാരമാണ് ക്വാറന്റൈൻ ഏഴു ദിവസമാക്കിയതെന്നും ഇതിന് അനുമതിതേടി കേന്ദ്രസർക്കാരിന് ചീഫ് സെക്രട്ടറി അപേക്ഷ നൽകിയിട്ടുണ്ടെന്നും അഡി. അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. മേയ് ഏഴിന് നൽകിയ അപേക്ഷയിൽ ഇതുവരെ കേന്ദ്രസർക്കാർ തീരുമാനം എടുത്തിട്ടില്ല.

എന്നാൽ പ്രവാസികളുടെ ക്വാറന്റൈൻ കാലാവധി 14 ദിവസമാക്കി നിശ്ചയിച്ചത് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും വസ്തുതകളും പരിഗണിച്ചാണെന്നും ദേശീയ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേന്ദ്രനിർദേശം സംസ്ഥാന സർക്കാരുകൾ പാലിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.