കൊച്ചി: കൊവിഡിനെത്തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയ 489 പ്രവാസികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. മാലദ്വീപിൽ നിന്ന് കപ്പലിൽ 202 ഉം ദമാമിൽ നിന്ന് 156 ഉം സിംഗപ്പൂരിൽ നിന്ന് 131 ഉം പേരാണ് ഇന്നലെ കൊച്ചിയിലെത്തിയത്.

മാലദ്വീപിൽ കുടുങ്ങിയവരുമായി നാവികസേനയുടെ യുദ്ധക്കപ്പലായ മഗർ വൈകിട്ട് ആറോടെയാണ് കൊച്ചിയിലെത്തിയത്. 91 മലയാളികളും 80 തമിഴ്നാട്ടുകാരും ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കപ്പലിലെത്തി. മലയാളികളെ സ്വന്തം ജില്ലകളിലേക്കും മറ്റുള്ളവരെ എറണാകുളത്തും നിരീക്ഷണത്തിലായി. നാവികസേനയുടെ സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായാണ് കപ്പലിൽ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. ജലാശ്വ എന്ന കപ്പലിൽ കഴിഞ്ഞ ദിവസം 698 പേരെ കൊച്ചിയിലെത്തിച്ചിരുന്നു.

ഗൾഫിലെ ദമാമിൽ നിന്ന് എയർ ഇന്ത്യാ വിമാനം രാത്രി 8.30 നാണ് എത്തിയത്. സിംഗപ്പൂരിൽ നിന്നുള്ള വിമാനം രാത്രി 11നാണെത്തിയത്. 131 യാത്രക്കാരിൽ ബംഗളൂരു, തമിഴ്നാട്ടിലെ തിരുവണ്ണാപുരം സ്വദേശികളായ ഓരോരുത്തരുമുണ്ടായിരുന്നു.