കൊച്ചി: റെയിൽവേയിൽ ട്രെയിനികളായെത്തിയ 54 മഹാരാഷ്ട്ര സ്വദേശികൾക്ക് രാഹുൽ ഗാന്ധിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് സ്വദേശത്തേക്ക് യാത്രയായി. മഹാരാഷ്ട്രയിലെ ജൽഗാവ്, അകോള, യവത്മാൽ, സോലാപൂർ ജില്ലകളിൽ നിന്നാണ് ലോക്ഡൗണിനെ തുടർന്ന് എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്‌സിൽ കുടുങ്ങിയത്. എപ്രിൽ 12ന് ട്രെയിനിംഗ് കഴിഞ്ഞവരാണ് ഇവർ. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടതിനെ തുടർന്നാണ് എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഹൈബി ഈഡൻ എം.പി.യും എറണാകുളം ജില്ലാ ഭരണകൂടവും മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ഇവരുടെ യാത്രയ്ക്കുള്ള അനുമതികൾ ലഭ്യമാക്കി. രണ്ട് ബസുകളിലായാണ് ഇവർ യാത്രയായത്. ഇതേ ബസുകളിൽ മഹാരാഷ്ട്രയിൽ ഹിംഗോളിയിൽ കുടുങ്ങി കിടക്കുന്ന കോട്ടയം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലയിലെ മലയാളികൾ ഈ മാസം 17 ന് തിരിച്ച് കേരളത്തിലെത്തും. ഹൈബി ഈഡൻ എം.പി. എറണാകുളം സൗത്തിൽ വാഹനങ്ങൾ ഫ്‌ളാഗ് ഒഫ് ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ, ജോജോ ജോസി മാളിയേക്കൽ, അഖിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു