കൊച്ചി കാൻസർ സെന്റർ, എറണാകുളം മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം കെട്ടിടനി​ർമ്മാണം ഉടനെ തുടങ്ങും

കൊച്ചി: വാളയാർ അതിർത്തി കടക്കാനാകാതെ കുടുക്കിലായ എൻജിനീയർമാർക്ക് പാസ് ലഭിച്ചതോടെ കൊച്ചി കാൻസർ സെന്റർ, എറണാകുളം മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം എന്നിവയുടെ കെട്ടിട നിർമ്മാണത്തിലെ സ്തംഭനം ഒഴിവാകുന്നു. ജില്ലാ ഭരണകൂടം തണുപ്പൻ നിലപാട് തുടർന്നതോടെ ഹൈബി ഈഡൻ എം.പി നടത്തിയ ഇടപെടൽ മൂലമാണ് അതിർത്തി കടക്കാൻ എൻജിനീയർമാർക്ക് പാസ് അനുവദിച്ചത്.

വാളയാർ വഴി വരുന്ന എൻജിനീയർമാർക്കാണ് ഇന്നലെ അനുമതി ലഭിച്ചത്. കുമളി അതിർത്തി വഴിയും വരുന്നവർക്ക് പാസ് ലഭിച്ചിട്ടില്ല. ഏതാനും പേർക്ക് വരാനാണ് അനുമതി. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്‌ളോക്ക് നിർമ്മിക്കുന്ന എൻജിനീയർമാരുടെ സംഘത്തിലെ ചിലരും എത്താനുണ്ട്.

തമിഴ്നാട് ആസ്ഥാനമായ കമ്പനികളാണ് കെട്ടിടങ്ങൾ നിർമ്മിക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്നത്.

വൈകിച്ചത് കൊവിഡല്ല

മേൽനോട്ടം വഹിക്കേണ്ട എൻജിനീയർമാർ തമിഴ്നാട്ടിലേക്ക് മടങ്ങി. തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും കൊവിഡ് പരിശോധന വേണമെന്ന നിർദ്ദേശം ലഭിച്ചു. രോഗമില്ലെന്ന് റിപ്പോർട്ട് ലഭിച്ചതോടെ കളമശേരിയിലേക്ക് തിരിച്ചെങ്കിലും പാസില്ലാത്തതിനാൽ വാളയാർ കടക്കാൻ അനുമതിയായില്ല. കാൻസർ സെന്റർ അധികൃതർ ജില്ലാ കളക്ടറെ ഉൾപ്പെടെ നേരിൽ കണ്ടെങ്കിലും നപടിയുണ്ടായില്ല. ഓൺലൈനിൽ അപേക്ഷ നൽകാനാണ് രണ്ടു ദിവസങ്ങൾ കഴിഞ്ഞ് അറിയിച്ചത്. അപേക്ഷ നൽകിയിട്ടും അനുമതി വൈകുന്നത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ശ്രദ്ധയിൽപ്പെടുത്തിയതോടെ ഹൈബി ഈഡൻ എം.പി സമ്മർദ്ദം ചെലുത്തി. ചൊവ്വാഴ്ച രാത്രി അനുമതി ലഭിച്ചു.

സൈറ്റ് റെഡി

25 എൻജിനീയർമാർക്ക് അടുത്ത ദിവസം തന്നെ കളമശേരിയിലെ നിർമ്മാണ സ്ഥലത്തെത്താം. എൻജിനീയർമാർക്ക് നിരീക്ഷണത്തിൽ കഴിയാനും സൗകര്യങ്ങൾ കാൻസർ സെന്റർ ക്യാമ്പസിൽ ഒരുക്കി. ഇവർക്ക് പുറത്തേക്ക് പോകേണ്ടിവരില്ല. 200 ഓളം തൊഴിലാളികൾ സൈറ്റിൽ തന്നെ താമസിക്കുന്നതിനാൽ അടുത്ത ദിവസം തന്നെ നിർമ്മാണം പുനരാരംഭിക്കാൻ കഴിയും.

സിമന്റ് ഉൾപ്പെടെ നിർമ്മാണ സാമഗ്രികൾ ശേഖരിച്ചിട്ടുണ്ട്. നിർമ്മാണ മേഖലക്ക് ഇളവുകൾ നൽകിയതിനാൽ ബാക്കി വസ്തുക്കൾ ലഭിക്കാൻ വിഷമമില്ല. ഏതാനും ദിവസങ്ങൾ കൊണ്ട് ആവശ്യമായ വസ്തുക്കൾ ശേഖരിച്ച് നിർമ്മാണം പുനരാരംഭിക്കാൻ കഴിയുമെന്ന് മേൽനോട്ട ചുമതല വഹിക്കുന്ന ഇൻകെൽ വൃത്തങ്ങൾ പറഞ്ഞു.

മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് 50 ശതമാനവും കാൻസർ സെന്ററിന്റെ 35 ശതമാനവുമാണ് നിർമ്മാണം പൂർത്തിയാക്കിയത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് പരമാവധി പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.